ഷാര്‍ജ: കൊവിഡാനന്തര കാലത്ത് മാനവ രാശിക്കുണ്ടായ ദുരന്തങ്ങളുടേയും ദുരിതങ്ങളുടേയും, അതിജീവനത്തിന്റേയും കഥ പറയുന്ന സലാം പാപ്പിനിശ്ശേരിയുടെ ‘ കാലം പറഞ്ഞ വില്ലന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം വി.ഡി സതീശന് ഇന്ത്യന്‍ പവലിയനിലെ ഹാള്‍ നമ്പര്‍ 7ലെ റൈറ്റേഴ്സ് ഫോറം ഹാളില്‍ വച്ച് നിര്‍വ്വഹിച്ചു. വചനം ബുക്ക്സാണ് പ്രസാധകര്.
കൊവിഡ് മഹാമാരിക്കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു സലാം പാപ്പിനിശ്ശേരി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിലച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ യു.എ.ഇയില്‍ കുടുങ്ങിക്കിടന്ന നിരവധി പേര്‍ക്ക് നാട്ടിലെത്താന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയിട്ടുണ്ട് ഇദ്ദേഹം. ഷാര്‍ജയില്‍ ഒരു ലീഗല്‍ സ്ഥാപനം നടത്തി വരുന്ന ഇദ്ദേഹം പ്രവാസികളായ ഇന്ത്യക്കാര്‍ക്കു വേണ്ടിയും നിയമ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.
സുപ്രീം കോടതി അഭിഭാഷകന് ഹാരിസ് ബീരാന്, പാണക്കാട് സെയ്ദ് ബഷീര്‍ അലി തങ്ങള്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് ഡോ. ഇ. പി. ജോണ്സണ്, പ്രശസ്ത സാഹിത്യകാരന് ബഷീര്‍ തിക്കോടി, അവതാരകന് ഷനില്‍ പള്ളിയില്‍, സാമൂഹ്യ പ്രവര്ത്തകന് മുന്ദിര് കല്പകഞ്ചേരി, സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍, ദുബായ് കെ.എം.സി.സി മുന്‍ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവരും മറ്റ് നിരവധി പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.