അട്ടപ്പാടി മധു കേസ്: അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയ കേസ്; മുന്‍കൂര്‍ ജാമ്യഹരജി തള്ളി

അട്ടപ്പാടി മധു കേസ്: അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയ കേസ്; മുന്‍കൂര്‍ ജാമ്യഹരജി തള്ളി

ന്യൂഡല്‍ഹി: ഭക്ഷണം മോഷ്ടിച്ചതിന് ആദിവാസി യുവാവായ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കൊല്ലപ്പെട്ട മധുവിന്റെ അമ്മയെയും സഹോദരിയെയും കേസില്‍ നിന്ന് പിന്മാറാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് പ്രതി അബ്ബാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്. മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലാത്ത ഹരജിയെന്ന് കോടതി ഹരജിയെ വിമര്‍ശിച്ചു. മധുവിന്റെ അമ്മ നല്‍കിയ പരാതിയില്‍ മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുക്കാന്‍ ഉത്തരവിട്ടത്. ജസ്റ്റിസ് ദിനേശ മഹേശ്വരീ, ജസ്റ്റിസ് സുധാംശു ദുലിയാ എന്നിവരുള്‍പ്പെട്ട രണ്ട് പേരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് കേസ് തള്ളിയത്. ഈ കേസില്‍ അബ്ബാസിന്റെ ഡ്രൈവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

മധു കൊല്ലപ്പെട്ടത് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം മൂലമെന്ന ഒറ്റപ്പാലം സബ് കലക്ടറുടെ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു. മധുവിന് നേരെ ആള്‍ക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മധു മരിക്കാന്‍ മറ്റ് കാരണങ്ങള്‍ ഇല്ലെന്നും നാല് പേജുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് മണ്ണാര്‍ക്കാട് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. മധുവിന്റേത് കസ്റ്റഡി മരണമാണോയെന്ന് കണ്ടെത്താനാണ് ഒറ്റപ്പാലം സബ് കലക്ടറായിരുന്ന ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ 2018ല്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പോലിസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു.

വിവിധ മോഷണക്കേസുകളില്‍പ്പെട്ട മധുവിനെ പിടികൂടിയിട്ടുണ്ടെന്ന് സ്റ്റേഷനിലേക്ക് വന്ന വിവരത്തെ തുടര്‍ന്നാണ് അഡീഷണല്‍ എസ്.ഐ പ്രസാദ് വര്‍ക്കിയുടെ നേതൃത്വത്തില്‍ പോലിസ് മുക്കാലിയിലെത്തിയത്. മധുവിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ മധുവിന്റെ ദേഹത്ത് നോക്കിയാല്‍ കാണാവുന്ന പരുക്കുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, മുക്കാലിയില്‍ നിന്ന് പോലിസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ മധു ഛര്‍ദ്ദിക്കുകയും അവശനാകുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയായ അഗളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 4.15 ന് മധുവിനെ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മധു മരിച്ചതായി പരിശോധിച്ച ഡോക്ടര്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സാക്ഷികള്‍ പല തവണ കൂറ് മാറിയ കേസില്‍ വിചാരണ പുരോഗമിക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *