ശ്രീനാരായണ ഗുരു അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ നടത്തിയ പോരാട്ടം നാം തുടരണം: തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ

ശ്രീനാരായണ ഗുരു അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ നടത്തിയ പോരാട്ടം നാം തുടരണം: തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ

കോഴിക്കോട്: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ശ്രീനാരായണ ഗുരു നടത്തിയ പ്രവര്‍ത്തനങ്ങള്‍ നാം തുടരണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ശ്രീനാരായണ ക്ലബ് ഓഫ് കാലിക്കറ്റ് സംഘടിപ്പിച്ച അന്ധവിശ്വാസത്തിനെതിരേ ‘ശ്രീനാരായണ ഗുരു’ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാരങ്ങളും അനുഷ്ഠാനങ്ങളും അമിതമായാല്‍ ആപത്താണ്. യഥാര്‍ഥ വിശ്വാസിക്ക് തീര്‍ത്തും തെറ്റായ കാര്യങ്ങള്‍ ഒരിക്കലും ചെയ്യാനാകില്ല. തെറ്റില്‍ല്‍നിന്ന് ആരോ നമ്മെ വിലക്കും. നരബലിയും സ്വന്തം മാതാപിതാക്കളെ വരെ കൊല്ലുന്ന അവസ്ഥയും ലഹരിയെന്ന വിപത്തും അതില്‍പെട്ടു നശിക്കുന്ന കുട്ടികളും നമ്മള്‍ എവിടേക്കാണ് പോകുന്നതെന്ന് ആഴത്തില്‍ ചിന്തിക്കേണ്ട കാലമാണിത്.

കണ്ണാടിയില്‍ നോക്കി സ്വന്തം പ്രതിരൂപത്തില്‍ ഈശ്വരനെ കണ്ടെത്താനാണ് ഗുരു പറഞ്ഞത്. റേഷന്‍ ഷോപ്പില്‍ ക്യൂ നില്‍ക്കാന്‍ മടി കാണിക്കുന്നവര്‍ കള്ളുഷാപ്പിലും സിദ്ധന്മാരുടെ അടുത്തും പോയി ക്യൂ നില്‍ക്കും. കമ്പോള സംസ്‌കാരം നമ്മെ പിടിമുറുക്കുകയാണ്. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാനായിരിക്കുമ്പോഴാണ് ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയത്. അന്ന് വലിയ എതിര്‍പ്പ് ഉണ്ടായെങ്കിലും പിന്നീട് ഒരു കുഴപ്പവും ഉണ്ടായില്ല. പുണ്യ ഗ്രന്ഥങ്ങളിലെ നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനാകണം. ഗുരുവിന്റെ കാലത്ത് അറിവില്ലായ്മകൊണ്ട് അനാചാരങ്ങള്‍ ഉണ്ടായെങ്കില്‍, ഇന്ന് അറിവ് കൂടിയത് കൊണ്ടാണോയെന്ന് സംശയിക്കേണ്ട അവസ്ഥയാണ്. ശ്രീനാരായണ ക്ലബ് പ്രസിഡന്റ് ഡോ.കെ.സുഗതന്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി എം.സുരേന്ദ്രന്‍ സ്വാഗതനും എന്‍.രമേശ് നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *