വീണ്ടും വിസിയെ പുറത്താക്കി; നിയമനങ്ങളില്‍ യുജിസി ചട്ടങ്ങള്‍ പാലിച്ചിരിക്കണം: സുപ്രീംകോടതി

വീണ്ടും വിസിയെ പുറത്താക്കി; നിയമനങ്ങളില്‍ യുജിസി ചട്ടങ്ങള്‍ പാലിച്ചിരിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിമയനങ്ങള്‍ യുജിസി ചട്ടങ്ങള്‍ പാലിച്ചായിരിക്കണമെന്ന് സുപ്രീം കോടതി. യുജിസി ചട്ടം പാലിക്കാത്തതിന് അല്‍മോറയിലെ എസ്എസ്ജെ സര്‍വകലാശാലയിലെ വിസി നിയമനം റദ്ദാക്കിയത് ശരിവെച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എസ്എസ്ജെ സര്‍വകലാശാലയിലെ പ്രഫ. നരേന്ദ്ര സിങ് ഭാന്ദറിന്റെ വിസി നിയമനം ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ നരേന്ദ്ര സിങ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിസിയായി നരേന്ദ്ര സിങ്ങിനെ നിയമിക്കുന്നതിനു മുന്‍പ് പത്രങ്ങളില്‍ പരസ്യം നല്‍കിയില്ല. സേര്‍ച് കമ്മിറ്റി ഒന്നിലധികം പേരുകള്‍ ശുപാര്‍ശ ചെയ്തില്ല, വിസിയുടെ തിരഞ്ഞെടുപ്പ് സേര്‍ച് കമ്മിറ്റിയുടേതായിരുന്നില്ലന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇങ്ങനെ ഒരു നിയനം അംഗീകരിക്കാനാകില്ലെന്നും യുജിസി ചട്ടങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വിസി നിയമനം റദ്ദാക്കികൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരന്റെ എല്ലാ വാദങ്ങളും സുപ്രീംകോടതി തള്ളി. സര്‍വകലാശാല ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിസി നിയമനമാണ് തന്റെയെന്നും ഇതിന് യുജിസി നിയമനം ബാധകമാവില്ല. സര്‍ക്കാരിന് നിയമനഅധികാരം ഉണ്ടെന്നും നരേന്ദ്ര സിങ് സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍, ആദ്യ നിയമനമോ രണ്ടാമത്തെ നിയമനമോ, ഇനി അവസാനത്തെ നിയമനമെന്നോ പ്രത്യേക ആനുകൂല്യങ്ങള്‍ ആര്‍ക്കും ലഭിക്കില്ല. രാജ്യത്തെ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. യുജിസി ചട്ടം പാലിക്കേണ്ടതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.ഒറ്റപ്പേരു മാത്രമായിരുന്നുവെന്നതും ചൂണ്ടിക്കാട്ടി. യോഗ്യനായിരിക്കാമെങ്കിലും അത് പരിഗണനയില്‍ വരുന്നില്ലെന്നും കോടതി പ്രതികരിച്ചു.

2017 മുതല്‍ 2020 വരെ പിഎസ്സി അംഗമായിരുന്നപ്പോഴും ഗവേഷക വിദ്യാര്‍ഥികളെ ഗൈഡ് ചെയ്തിരുന്നുവെന്നും ഇത് അധ്യാപന പരിചയമായി കാണണമെന്നും ഹര്‍ജിക്കാരന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പരിഗണിച്ചത് തന്നെ മാത്രമാണെന്നും നരേന്ദ്ര സിങ് കോടിതിയെ അറിയിച്ചു. യോഗ്യനായിരിക്കാമെങ്കിലും ഒറ്റപ്പേര് പരിഗണിച്ചത് നിയമത്തിന്റെ ലംഘനമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ വാദത്തിനിടെ വിസി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് നരേന്ദ്ര സിങ്ങ് വ്യക്തമാക്കി. എന്നാല്‍, അദ്ദേഹത്തിന്റെ തീരുമാനം എന്താണെങ്കിലും കോടതിയെ ബാധിക്കില്ലെന്നും നിയമനം നിയമവിരുദ്ധമാണെന്നും ബെഞ്ച് ഉത്തരവിട്ടു. വിസി നിയമനം അസാധുവാണെന്നും തുടര്‍നടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കി സുപ്രീംകോടതി ഹരജി തള്ളുകയായിരുന്നു.

നേരത്തെ, യുജിസി ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ കേരളത്തിലെ സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനവും സുപ്രീംകോടതി അസാധുവാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാന്‍സിലര്‍ കൂടിയാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടുത്ത നടപടികളിലേക്ക് കടന്നിരുന്നു. യുജിസി നിയമം ലംഘിക്കപ്പെട്ടാണ് കേരളത്തിലെ എല്ലാ സര്‍വകലാശാ വിസിമാരും നിയമനം നേടിയതെന്ന് വെളിപ്പെടുത്തിയ അദ്ദേഹം ഇവര്‍ക്ക് എല്ലാവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെയാണ് സുപ്രീംകോടതി വീണ്ടും നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *