‘മൗലാനാ അബുല്‍കലാം ആസാദ് ‘ ആധുനിക ഇന്ത്യ സൃഷ്ടിച്ച നേതാക്കളില്‍ പ്രമുഖന്‍: അഡ്വ. ഐ. മൂസ്സ

‘മൗലാനാ അബുല്‍കലാം ആസാദ് ‘ ആധുനിക ഇന്ത്യ സൃഷ്ടിച്ച നേതാക്കളില്‍ പ്രമുഖന്‍: അഡ്വ. ഐ. മൂസ്സ

കോഴിക്കോട്: മക്കയില്‍ ജനിക്കുകയും ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അവിസ്മരണീയമായ സംഭവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത അപൂര്‍വ വ്യക്തിത്വമായിരുന്നു മൗലാനാ അബുല്‍കലാം ആസാദെന്ന് അഡ്വ. ഐ.മൂസ്സ പറഞ്ഞു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ അദ്ദേഹം ദ്വിമുഖ തന്ത്രമാണ് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നേരിട്ട് പങ്കെടുക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും, 10 വര്‍ഷക്കാലം ജയില്‍വാസമനുഭവിക്കുകയും ചെയ്തപ്പോള്‍തന്നെ ബഹുജനങ്ങളെ അണിനിരത്താന്‍ പത്രങ്ങളും മാസികകളും നടത്തി ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചു. മൗലാനാ ആസാദ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച മൗലാനാ അബുല്‍കലാം ആസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ഹിലാല്‍ എന്ന മാസികയ്ക്ക് 26,000 വരിക്കാരുണ്ടായിരുന്നു.

ദ്വിരാഷ്ട്ര വാദത്തെ അദ്ദേഹം എതിര്‍ത്തു. ഹിന്ദുവും മുസല്‍മാനും സഹോദരന്മാരായി കഴിയുന്ന ഇന്ത്യക്ക് വേണ്ടിയാണ് അദ്ദേഹം പോരാടിയത്. ഇന്ന് രാജ്യത്ത് ബി.ജെ.പി- ആര്‍.എസ്.എസ്‌കാര്‍ ഹിന്ദുക്കളെയും, മുസ്ലിംകളെയും തമ്മിലടിപ്പിക്കുമ്പോള്‍ ആസാദ് ഉയര്‍ത്തിപ്പിടിച്ച മതേതര കാഴ്ചപ്പാടിന് വലിയ പ്രസക്തിയാണുള്ളത്. ഭാരത സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്തവരാണ് ആര്‍.എസ്.എസും, ഹിന്ദു മഹാസഭയും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത ആളാണ് സവര്‍ക്കര്‍. ആസാദ് ജയിലില്‍ കിടക്കുമ്പോഴാണ് ഭാര്യയ്ക്ക് കലശലായ രോഗബാധയുണ്ടായത്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്താല്‍ ജയില്‍ മോചിതനായി ഭാര്യയെ കാണാമെന്നിരിക്കെ അത് വേണ്ടെന്നുവെച്ച് ഭാരതത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നേതാവാണദ്ദേഹം. ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആസാദായിരുന്നു. അദ്ദേഹമാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ രൂപീകരിച്ചത്. കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായിരുന്നു അദ്ദേഹം 35-ാം വയസ്സില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മറ്റി അധ്യക്ഷനായി. കവി, മതപണ്ഡിതന്‍, ദാര്‍ശനികന്‍, പത്രപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ പലവിധ കഴിവുകള്‍ സമ്മേളിച്ച ബഹുമുഖ പ്രതിഭയായിരുന്നു മൗലാനാ ആസാദ്.

കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ 1947ന് മുമ്പ് ഏറ്റവുമധികം കാലം പ്രസിഡണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. വര്‍ത്തമാനകാല ഇന്ത്യയില്‍ മോദി ഭരണത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രവും മഹാന്മാരായ സ്വാതന്ത്ര്യ സമര നേതാക്കളെയും വിസ്മരിപ്പിക്കാന്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. കോണ്‍ഗ്രസ്സ് ഈ മണ്ണില്‍ നിലനില്‍ക്കുന്ന കാലത്തോളം അതനുവദിക്കില്ല. മൗലാനാ അബുല്‍കലാം ആസാദിന്റെ ജീവിതം നമ്മള്‍ വീണ്ടും വീണ്ടും പഠിക്കുകയും, പുതു തലമുറക്ക് പകര്‍ന്ന് നല്‍കുകയും വേണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോറം പ്രസിഡന്റ് കെ.ഇബ്രാഹിംകുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി ബാബുപ്രസംഗിച്ചു. ടി.കെ.എ അസീസ് സ്വാഗതവും പി.ഗൗരിശങ്കരന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *