മാഹി: മാതൃ സഹജമായ സ്‌നേഹവായ്‌പോടെ പ്രകൃതിയെ ഒപ്പിയെടുക്കാന്‍ വനിതകള്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും എന്നാല്‍ വനിതകള്‍ വന്യജീവി ഫോട്ടോഗ്രാഫി രംഗത്തേക്ക് കടന്നുവരുമ്പോള്‍, നിരവധി പ്രതിസന്ധികളും പ്രശ്‌നങ്ങളുമുണ്ടാകുമെന്നത് സ്വാഭാവികമാണെന്നും പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ഡോ. അപര്‍ണ്ണ പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു. മലയാള കലാഗ്രാമത്തില്‍ അസീസ് മാഹിയുടെ വന്യജീവി ഫോട്ടോ പ്രദര്‍ശനത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ സോദാഹരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സാഹസികമായ വനയാത്രകളിലെ അവിസ്മരണീയങ്ങളായ അനുഭവങ്ങളും അത്യപൂര്‍വ ജന്തുജാലങ്ങളുടെ ചിത്രങ്ങളും പ്രഭാഷണത്തിലൂടെ അവര്‍ അവതരിപ്പിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നുമെത്തിയ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അനന്തവും,അത്ഭുതവുമായ ജന്തുലോകത്തിന്റെ വിശേഷങ്ങള്‍ അവര്‍ പങ്കുവെച്ചു. കെ.പി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.സി ദിവാനന്ദന്‍ സ്വാഗതവും പി.ടി.സി ശോഭ നന്ദിയും പറഞ്ഞു.