ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും ജീവിച്ചിരുന്നെങ്കില്‍ പിണറായി അവരെയും വിസി ആക്കിയേനേ: പി.സി ജോര്‍ജ്

ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും ജീവിച്ചിരുന്നെങ്കില്‍ പിണറായി അവരെയും വിസി ആക്കിയേനേ: പി.സി ജോര്‍ജ്

തിരുവനന്തപുരം: കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ജീവിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെയും വൈസ് ചാന്‍സലര്‍ ആക്കിയേനേയെന്ന് പി.സി ജോര്‍ജ്. കലാമണ്ഡലത്തിന്റെ പുതിയ ചാന്‍സലര്‍ വി.എന്‍ വാസവന്‍ കഥകളി പഠിപ്പിക്കുമോ എന്നും പള്ളിക്കൂടത്തില്‍ പോകാത്തവരെ പിടിച്ച് വൈസ് ചാന്‍സലര്‍ ആക്കുന്ന നാറിയ പണിയാണ് നടക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ അടുത്തിടെ സര്‍ക്കാര്‍ നീക്കിയിരുന്നു. പുതിയ ചാന്‍സലര്‍ ചുമതലയേല്‍ക്കും വരെ പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി വി.എന്‍ വാസവനായിരിക്കും ചാന്‍സലര്‍. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവര്‍ണറെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയത്. 2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍.

അതേസമയം, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഇന്നലെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

Share

Leave a Reply

Your email address will not be published. Required fields are marked *