തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്.എസ്.എസ് പ്രവര്‍ത്തകനും കൂട്ടുകാരും ചേര്‍ന്നാണ് എന്നാണ് വെളിപ്പെടുത്തല്‍. പ്രകാശിന്റെ സഹോദരന് പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കല്‍ കേസിലെ പുതിയ വെളിപ്പെടുത്തല്‍. ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
2018 ഒക്ടോബര്‍ 27ന് ആണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയില്‍ കണ്ടെത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ സംഭവസ്ഥലത്തേക്ക് എത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. വലിയ രാഷ്ട്രീയ വിവാദമായ സംഭവം.
ആദ്യം സിറ്റി പോലിസിന്റെ പ്രത്യേകസംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ പക്ഷേ പിന്നീട് ഒന്നും സംഭവിച്ചില്ല. ഒരു ലീഡും ഉണ്ടായില്ല, ഏതാണ്ട് കേസ് അവസാനിപ്പിക്കാനുളള നീക്കത്തിലും ആയിരുന്നു. അങ്ങനെ ഇരിക്കെയാണ് സംഭവം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവുണ്ടായത്. ശബരിമല സ്ത്രീപ്രവേശന വിഷയം കത്തിനില്ക്കുമ്പോള് ആണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കപ്പെട്ടത്. എസ്.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ പേട്ട യൂണിറ്റാണ് കേസ് നിലവില്‍ അന്വേഷിക്കുന്നത്.