ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയെ നമ്മള്‍ നെഞ്ചേറ്റുമ്പോള്‍ നമുക്ക് മലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യക്കാര്‍ക്ക് മൊത്തം അഭിമാനിക്കാനൊരു പേരുണ്ട്. നമ്മുടെ സ്വന്തം മോഹനേട്ടന്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ അതോറിറ്റിയുടെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാര്‍. നിരവധി വര്‍ഷങ്ങളായി പുസ്തകോത്സവ അതോറിറ്റിയുടെ പ്രധാനികളില്‍ ഒരാളായി പ്രവര്‍ത്തിക്കുകയാണ് മോഹന്‍കുമാര്‍. സാധാരണ ഒരു പുസ്തകമേളയായി തുടങ്ങിയ ഷാര്‍ജ പുസ്തകമേള ഇന്ന് ലോകത്തിനു മുന്നില്‍ ഒന്നാമതെത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന സൂത്രധാരന്‍മാരില്‍ ഒരാളായി നമുക്ക് മോഹന്‍കുമാറിനേയും കാണാന്‍ കഴിയും. മേളയില്‍ എന്നും എപ്പോഴും ജനങ്ങളുടെ കൂട്ടത്തില്‍ എവിടേയും കാണുന്ന മനുഷ്യന്‍. പുസ്തകമേളയിലെ ഏഴാം നമ്പര്‍ ഹാളായ ഇന്ത്യന്‍ പവലിയനിലെ നിറസാന്നിധ്യം. നിരവധി പുസ്തകപ്രകാശനച്ചടങ്ങുകളില്‍ പങ്കെടുത്തും , പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചും എഴുത്തുകാരുടേയും പ്രസാധകരുടേയും ഇഷ്ട സഹൃദയന്‍.
വീഡിയോയില്‍ സംസാരിക്കുന്നത് പുസ്തകോത്സവ അതോറിറ്റിയുടെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാര്‍
2019 ന് ശേഷം ഏറ്റവും കൂടുതല്‍ ആളുകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നതും അതിനുമപ്പുറം വളരെ നല്ല രീതിയില്‍ വില്‍പ്പന നടക്കുന്നതുമായ വര്‍ഷമായിട്ടാണ് ഈ വര്‍ഷത്തെ മേളയെ കാണുന്നതെന്ന്. അദ്ദേഹം പറയുന്നു. നിരവധി സ്റ്റേജ് ഷോകള്‍, കുക്കറി ഷോകള്‍, കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേകം പരിപാടികള്‍, സംവാദങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, അതിലെല്ലാമുപരി വിവിധ രാജ്യങ്ങളിലെ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന മെഗാപരിപാടികള്‍. ഇത്തരത്തിലൊക്കെയാണ് മേളയെ ക്രമീകരിച്ചിരിക്കുന്നതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു.
പുസ്തകോത്സവത്തിന്റെ പ്രധാന വേദിയായ ബാള്‍ റൂമില്‍വച്ച് ഇതിനോടകം തന്നെ നിരവധി പ്രഗത്ഭരായ വ്യക്തിത്വങ്ങളെ ആദരിച്ചിട്ടുണ്ട്. 10.11.2022 ന് മലയാള സിനിമാരംഗത്തുനിന്നും കേരളത്തിന്റെ പ്രമുഖ നടന്‍ ജയസൂര്യയും 11-11-2022 ന് പ്രസിദ്ധ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് കൊഴുപ്പേകാന്‍ പ്രധാന വേദിയില്‍ എത്തുന്നതാണെന്ന് മോഹന്‍കുമാര്‍ പറഞ്ഞു.