മാഹി:തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മുന്നിൽ തിരഞ്ഞെടുക്കപ്പെടുന്നവർ വന്ന് കയറി നില്‍ക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നതെന്ന് വിഖ്യാത ചിത്രകാരനും, ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനുമായ എബി.എന്‍.ജോസഫ് പറഞ്ഞു. ഉപയോഗിക്കപ്പെടാത്ത വാള്‍ തുരുമ്പെടുക്കുന്നതിനേക്കാള്‍ നല്ലത് ,അത് വിറ്റ് വീണ വാങ്ങുന്നതാണ്. കൂട്ടിയിട്ട അസ്ഥിമാടങ്ങള്‍ക്കിടയില്‍ ദുരന്തത്തെ ഒളികണ്‍പാര്‍ക്കാന്‍ നമുക്കാവണമെന്ന് എബി.എന്‍ ജോസഫ് പറഞ്ഞു. ചിത്രമെന്നാല്‍ ചിത്തിനെ ത്രസിപ്പിക്കുന്നതും ത്രാണനം ചെയ്യിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ചിത്രകലയും ഫോട്ടോഗ്രാഫിയും എന്ന വിഷയത്തെ അധികരിച്ച് മലയാള കലാഗ്രാമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫോട്ടോഗ്രാഫിയുടെ ആദ്യകാല പ്രണേതാക്കളെന്ന് വിളിക്കാവുന്ന ഡാവിഞ്ചി പോലും വരച്ച ചിത്രങ്ങള്‍ അയഥാര്‍ത്ഥമാണെന്നും, ഒരു കാലത്ത് ദൈവങ്ങളേയും മാലാഖമാരേയും മാത്രം വരച്ച ചിത്രകാരന്‍മാരോട് നിങ്ങള്‍ എന്തുകൊണ്ട് ചുറ്റിലും കാണുന്ന ലോകത്തേയും അവിടുത്തെ മനുഷ്യരേയും വയലേലകളിലും, തൊഴിലിടങ്ങളിലും പണിയെടുക്കുന്നവരെയും കാണുന്നില്ലെന്ന് ചോദിച്ചവര്‍ കഴിഞ്ഞ നൂറ്റാണ്ടുകളിലുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡാവിഞ്ചിയുടെ അവസാനത്ത അത്താഴമെന്ന ചിത്രം അയഥാര്‍ത്ഥമാണെന്നും, വിശക്കുന്നവര്‍ ചുറ്റിലും കൂടിയിരുന്ന് ഉരുളക്കിഴങ്ങ് തിന്നുന്ന വിന്‍സന്റ് വാന്‍ഗോഗിന്റെ രചനയാണ് യഥാര്‍ത്ഥ രചനയെന്നും എബി.എന്‍ ജോസഫ് പറഞ്ഞു.
അനുജന്‍ രാജരാജവര്‍മ്മയുടെ ഫോട്ടോഗ്രാഫി ചിത്രങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാജാ രവിവര്‍മ്മ തന്റെ വിഖ്യാതമായ പല പെയിന്റിങ്ങുകളും സൃഷ്ടിച്ചത്. സാരിയുടുത്ത അക്കാലത്തെ ഉത്തരേന്ത്യയിലെ സുന്ദരികളായ സ്ത്രീരൂപങ്ങളെയാണ് കലാകാരന്മാര്‍ നമ്മുടെ ദേവതകളാക്കി മാറ്റിയത്. സര്‍ഗ്ഗാത്മക രചനകളെ കണ്ണ് തുറന്നാണ് നാം കാണുന്നതും വിമര്‍ശിക്കുന്നതും. എന്നാല്‍ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ നാം കണ്ണടച്ചു നില്‍ക്കുന്നു. കണ്ണാടിക്ക് മുന്നില്‍ കണ്ണടച്ച് നിന്നാല്‍ എങ്ങനെ പ്രതിബിംബം കാണാനാവും? കാഴ്ചയുടെ, ബോധത്തിന്റെ അകക്കാമ്പ് തൊട്ടറിഞ്ഞ മഹാഗുരുവാണ് ശ്രീ നാരായണന്‍.
പഴയതെല്ലാം അത്രക്ക് നല്ലതല്ലെന്നും, പഴയതില്‍ പലതിനേയും മാറ്റിയാണ് നാം ഇന്ന് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുന്നിടത്ത് തന്നെ ഇരിക്കാതെ, അവിടെ നിന്ന് നിരന്തരം കറങ്ങിക്കൊണ്ട് മുകളിലേക്ക് പോകുന്നതിനെയാണ് പുരോഗമനമെന്ന് നാം പറയുന്നത്. എല്ലാ ശബ്ദ ശാഖകളുടേയും മേളനമാണ് പ്രകൃതി. ഒരു ബിന്ദുവില്‍ നിന്ന് വികസിക്കുന്ന രേഖയാണ് ചിത്രകല. രൂപകങ്ങള്‍ക്ക് വേണ്ടി നാം തെരയുകയാണ്. ജാമതീയമല്ലാത്ത ഒരു ലോകത്തേക്ക് ഫോട്ടോഗ്രാഫി നമ്മെ നയിക്കുകയാണ്.സമയത്തിലുള്ള കൃത്യനിഷ്ഠയല്ല, മറിച്ച് കൃത്യത്തിലുള്ള നിഷ്ഠയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാജി പിണക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍ ഉദ്ഘാടനം ചെയ്തു. പി.ആനന്ദ് കുമാര്‍ സ്വാഗതവും, പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു.