കോഴിക്കോട്: വടക്കാഞ്ചേരിയില്‍ ഉണ്ടായതുപോലുള്ള അപകടങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ തുടര്‍ന്ന് സ്വീകരിച്ച കാര്യങ്ങള്‍ കോണ്‍ട്രാക്ട് ക്യാര്യേജ് വാഹനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ ന്യായമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കോണ്‍ട്രാക്ട് ക്യാര്യേജ് ഓണേഴ്സ് കമ്മ്യൂണിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബസുകളിലെ ആഡംബര ചിത്രപണികളും ഗ്രാഫിക്സുകളും അനാവശ്യമായി ഘടിപ്പിക്കുന്ന ലൈറ്റുകളും ഹോണും നിയമം അനുവദിക്കാത്ത മ്യൂസിക് സിസ്റ്റവും പാടില്ലെന്ന നിര്‍ദേശം നടപ്പാക്കണം. എന്നാല്‍ വാഹനങ്ങള്‍ക്ക് ഏകീകൃത നിറം വേണമെന്നത് ഈ വ്യവസായത്തെ പുറകോട്ടടിപ്പിക്കും. ആര്.സി ബുക്കില്‍ പതിപ്പിച്ച നിറത്തില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണം. അംഗീകാരമില്ലാത്ത ടൂര്‍ പാക്കേജ് ഓപ്പറേറ്റര്‍മാരെ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണം. കോടതി ഉത്തരവുണ്ടെന്ന് പ്രചരിപ്പിച്ച് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണ്. ഒന്നരക്കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് 5000ല്‍ താഴെയുള്ളഇത്തരം വാഹനങ്ങളാണ് അപകടങ്ങള്ക്കുത്തരവാദി എന്ന വാദത്തില്‍ കഴമ്പില്ല. വ്യവസായത്തിന് ഒന്നടങ്കം ചീത്തപേരുണ്ടാക്കുന്ന ബസ് ജീവനക്കാരിലെ ചെറിയവിഭാഗം നിയമലംഘകരെ കണ്ടെത്താന്‍ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വകുപ്പ് മന്ത്രിക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും നിവേദനം നല്കിയിട്ടുണ്ടെന്നവര് അറിയിച്ചു. സംസ്ഥാന രക്ഷാധികാരി ജലീല്‍ ഫന്റാസ്റ്റിക്, ജില്ലാ പ്രസിഡന്റ് കിഷോര്‍ കൈലാസ്, ജില്ലാ സെക്രട്ടറി ശരീഫ് കമ്പയിന് എന്നിവര്‍ വാര്‍ത്താസമ്മേളനതത്തില്‍ പങ്കെടുത്തു.