തിരുവനന്തപുരം; കേരളത്തിലെ ഡോക്ടര്‍മാരുടെ മാതൃസംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ബ്രാഞ്ചിന്റെ 65ാം സംസ്ഥാന സമ്മേളനം നവംബര്‍ 12,13 തീയതികളില്‍ കുന്നംകുളം പന്നിത്തടം ടെല്‍കോണ്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും. ഐ.എം.എയുടെ കുന്നംകുളം ബ്രാഞ്ച് 24 വര്‍ഷങ്ങള്‍ക്കു ശേഷം ആതിഥേയത്വമരുളുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലും നിന്നുമുള്ള നാലായിരത്തോളം ഡോക്ടര്‍മാര്‍ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി 12ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണി വരെ സംസ്ഥാന കൗണ്‍സില്‍ യോഗവും ഐ.എം.എയുടെ വിവിധ പോഷക സംഘടനകളുടെയും സ്‌കീമുകളുടെയും വാര്‍ഷിക ജനറല്‍ ബോഡിയും നടക്കുന്നതിനൊപ്പം തന്നെ വൈദ്യശാസ്ത്ര രംഗത്തെ പുത്തന്‍ അറിവുകളെകുറിച്ച് പ്രബന്ധങ്ങളും ചര്‍ച്ച ക്ലാസുകളും വര്‍ക്ക്ഷോപ്പുകളും നടക്കും. കേരളത്തിലെ ആതുര ശുശ്രൂഷാ രംഗത്തെ മികച്ച ആശുപുത്രികളിലെ ഡോക്ടര്‍മാര്‍ ഇതിനു നേതൃത്വം നല്‍കും.
13ന് രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വെച്ച് ഐ.എം.എയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു സ്ഥാനമേല്‍ക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, തിരുവനന്തപുരം എം.പി ശശി തരൂര്‍, കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്‍, ഐ.എം.എയുടെ തിരഞ്ഞെടുക്കപ്പെട്ട ദേശീയ അധ്യക്ഷന്‍ ഡോ. ആര്‍.വി അശോകന്‍, സംസ്ഥാന അധ്യക്ഷന്‍ ഡോ. സാമുവല്‍ കോശി, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍,അടക്കം ആരോഗ്യമേഖലയിലും പൊതുരംഗത്തുമുള്ള നിരവധി പ്രമുഖരും പങ്കെടുക്കും.