പെരുമണ്ണ : ചാലിയാറിനു കുറുകെ മൂളപ്പുറം – വെള്ളായിക്കോട് കടവുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് വേണ്ടിയുള്ള ജനകീയ പ്രതിരോധം ശക്തമാകുകയാണ്. ഒരു പതിറ്റാണ്ടിലധികമായി ഇരു കരകളിലേയും ആളുകൾ മൂളപ്പുറം – വെള്ളായിക്കോട് പാലം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് പുതിയ സാഹചര്യത്തിൽ സജീവമാക്കുന്നത്. നിർദ്ദിഷ്ട ഗ്രീൻ ഫീൽഡ് പാതയുടെ ഭാഗമായി ചാലിയാറിൽ നിർമിക്കാനിരിക്കുന്ന പാലം, ഗ്രീൻ ഫീൽഡ് പാത പോലെ തന്നെ പ്രവേശനം നിയന്ത്രിക്കപ്പെട്ടതും കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞ് മാത്രം സഞ്ചരിക്കാനാവുന്നതുമായിരിക്കുമെന്ന് വ്യക്തമാണ്. മാത്രമല്ല, ഭീമമായ ചുങ്കം നൽകി മാത്രം സഞ്ചാര സ്വതന്ത്ര്യമുള്ള പാലം പുഴക്ക് ഇരു കരകളിലുമുള്ള സാധാരണക്കാർക്ക് എത്രമാത്രം ഉപയോഗപ്രദമാവുമെന്ന കാര്യത്തിൽ ആശങ്കയുമുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് മുളപ്പുറം – വെള്ളായിക്കോട് പാലമെന്ന ആവശ്യം ശക്തമാക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സാധ്യത പഠനവും മണ്ണ് പരിശോധനയും തുടർന്ന് ബജറ്റിൽ ടോക്കൺ തുക വകയിരുത്തി പ്രഖ്യാപനവുമുണ്ടായെങ്കിലും പിന്നീട് പാലം നിർമാണത്തിന് തുടർ നടപടികളുണ്ടായില്ല.
1994 ലെ ചാലിയാർ തോണി അപകടത്തിൽ ആറ് മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ട ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ തന്നെയാണ് ഇരു കരകളിലെയും സാധാരണ മനുഷ്യർ. കടത്ത് തോണികൾ സജീവമായിരുന്ന കാലത്തെ സാംസ്ക്കാരിക സാമൂഹിക വാണിജ്യ ബന്ധങ്ങൾ വളരെ ദൃഢമായി തന്നെ തുടർന്ന് പോരുന്ന വാഴയൂരിലേയും പെരുമണ്ണയിലേയും സമീപപ്രദേശങ്ങളിലേയും ആളുകൾക്ക് തുടർന്നും ഈ ബന്ധങ്ങൾ നിലനിർത്താൻ സാഹചര്യമുണ്ടാവേണ്ടതുണ്ട്. അപകടത്തോടെ നിലച്ച കടത്ത് തോണി പിന്നീട് പുനരാരംഭിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട മൂളപ്പുറം – വെള്ളായിക്കോട് പാലം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യത്തിന് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ സജീവമാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ കൈ കൊള്ളുന്നതിന് വേണ്ടി പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടേയും ആക്ഷൻ കമ്മറ്റി ഭാരവാഹികളുടേയും യോഗത്തിൽ ധാരണയായി. യോഗം വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മറ്റി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. ഉഷ മുഖ്യാതിഥിയായിരുന്നു. പെരുമണ്ണ സ്റ്റാന്റി കമ്മറ്റി ചെയർമാൻ എം.എ. പ്രതീഷ് , മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസൻ , കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. റസീന ടീച്ചർ, വാഴയൂർ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റാഷിദ ഫൗലദ്, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അംഗം വി.പി. കബീർ, വാഴയൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി.രാജൻ, കെ.കുഞ്ഞിമൊയ്തീൻ, എം.എ. പ്രഭാകരൻ, ഇ. മുജീബ് റഹ്മാൻ , ടി. ബഷീർ ചണ്ണയിൽ എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മറ്റി കൺവീണർ എം.കെ.മൂസ ഫൗലദ് സ്വാഗതം പറഞ്ഞു.