ബ്രിട്ടീഷ് കോടതിയും കൈവിട്ടു; നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും

ബ്രിട്ടീഷ് കോടതിയും കൈവിട്ടു; നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് മോദിയുടെ ഹരജി ബ്രിട്ടീഷ് കോടതി തള്ളി. തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ടായിരുന്നു നീരവിന്റെ ഹരജി. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നത് അന്യായമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഉടന്‍തന്നെ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും.
13,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പിലെ മുഖ്യപ്രതിയാണ് 51കാരനായ നീരവ് മോദി. പി.എന്‍.ബി അഴിമതി പുറത്തുവരികയും വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ അദ്ദേഹം ഇന്ത്യ വിടുകയായിരുന്നു. നീരവ് മോദി ഇപ്പോള്‍ തെക്ക്-കിഴക്കന്‍ ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് ജയിലിലാണ് ഉള്ളത്.നീരവ് മോദിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ 12ന് കോടതി മാറ്റിവെച്ചിരുന്നു.

ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരായ നീരവ് മോദിയുടെ ഹരജി പരിഗണിച്ച കോടതി, ഇന്ത്യ ഒരു വിദേശ സൗഹൃദ ശക്തിയാണെന്ന് വിലയിരുത്തി. കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ ബാധ്യതകള്‍ യു.കെ പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നീരവ് മോദിക്ക് മതിയായ വൈദ്യസഹായം നല്‍കുമെന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉറപ്പില്‍ സംശയിക്കരുതെന്നും കോടതി പറഞ്ഞു.

നീരവ് മോദി വിഷാദാവസ്ഥയിലാണെന്നും ആത്മഹത്യാപ്രവണതയുണ്ടെന്നും ഇന്ത്യയിലെ പ്രതികൂല സാഹചര്യം കാരണം അവിടേക്ക് കൈമാറുന്നതോടെ അത് കൂടുതല്‍ വഷളാകുമെന്നും നീരവ് മോദിയുടെ അഭിഭാഷകര്‍ വാദിച്ചു. ഇന്ത്യയെ രാഷ്ട്രീയക്കാര്‍ മോശം അവസ്ഥയിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാദം. ഇന്ത്യന്‍ മാധ്യമങ്ങള്‍ തനിക്കെതിരെ ക്രൂരമായാണ് പെരുമാറുന്നതെന്നും നീരവ് മോദി ഹരജിയില്‍ പറഞ്ഞു. പൊതുജനങ്ങള്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു വാദം. നീരവ് മോദിക്കെതിരെ സി.ബി.ഐയുടെയും ഇ.ഡിയുടെയും കേസുകള്‍ ഇന്ത്യയില്‍ നിലവിലുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *