കാരശ്ശേരി: പഞ്ചായത്തിൽ നവീകരിച്ച കുറ്റിപ്പറമ്പ് സീനിയർ സിറ്റിസൺ റിക്രിയേഷൻ സെന്റർ കെട്ടിടം ഉദ്ഘാടനം ചെയ്തു. വയോധികർക്കായി വാർഡ് പതിനെട്ടിലെ കുറ്റിപ്പറമ്പിൽ നിർമ്മിച്ച സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായതോടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവിൽ കെട്ടിടം പഞ്ചായത്ത് നവീകരിക്കുകയായിരുന്നു.
വയോധികർക്ക് ഒന്നിച്ചിരിക്കാനും വായിക്കാനും ടെലിവിഷൻ, വിനോദ പരിപാടികൾ ആസ്വദിക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഇരിപ്പിടങ്ങൾ, വ്യായാമ ഉപകരണങ്ങൾ എന്നിവ വൈകാതെ സജ്ജമാക്കും. ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിവിധ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. മാസത്തിലൊരിക്കൽ വയോജനങ്ങൾക്ക് ആസ്വാദകരമാവുന്ന രീതിയിൽ കൾച്ചറൽ പരിപാടികൾ നടത്തും.
റിക്രിയേഷൻ സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ സൗദ ടീച്ചർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, അഷ്റഫ് തച്ചാറമ്പത്ത്, സുനിത രാജൻ, ശ്രുതി കമ്പളത്ത്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് സ്വാഗതവും സെക്രട്ടറി കെ. സീനത്ത് നന്ദിയും പറഞ്ഞു.