കോഴിക്കോട് : ജാമിഅ മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന 15ാമത് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരങ്ങള്‍ നാളെ ആരംഭിക്കും. ദേശീയ തലത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ 83 കോളേജുകളില്‍ നിന്നായി 219 വിദ്യാര്‍ഥികള്‍ മാറ്റുരക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ കാമില്‍ ഇജ്തിമ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയോടെ 12ന് ശനിയാഴ്ച സമാപിക്കും. 14 വര്‍ഷമായി സംസ്ഥാന തലത്തില്‍ നടന്നിരുന്ന മത്സരം ഇതാദ്യമായാണ് ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെടുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ മത്സരമായ അല്‍ ഫഹീമില്‍ മൂന്നരലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് വിജയികളെ കാത്തിരിക്കുന്നത്. ഖുര്‍ആന്‍ മനഃപാഠത്തിലും പാരായണത്തിലുമായി രണ്ട് ഘട്ടങ്ങളായാണ് മത്സരം നടക്കുക. പ്രാഥമിക മത്സരങ്ങള്‍ക്ക് ശേഷം സെമിഫൈനല്‍ റൗണ്ടില്‍ ആദ്യ ഏഴ് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കാന്‍ അവസരമുണ്ടാവുക. മനഃപാഠ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം രണ്ട് പവന്‍, ഒരു പവന്‍, അര പവന്‍ സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. പാരായണ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 11111, 7777, 4444 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കും.
പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങളും പാരായണവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മര്‍കസ് നടത്തുന്ന പദ്ധതികളില്‍ പ്രധാനമാണ് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ്. മുന്‍ വര്‍ഷങ്ങളില്‍ അല്‍ഫഹീം ജേതാക്കളായ വിദ്യാര്‍ഥികള്‍ ഇതിനകം തന്നെ വിവിധ അന്താരാഷ്ട്ര വേദികളില്‍ മത്സരിച്ച് മികവുതെളിയിച്ചിട്ടുണ്ട്. വിവിധ അറബ് ഭരണകൂടങ്ങളും രാജ്യങ്ങളും സംഘടനകളും നടത്തുന്ന അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് പ്രാപ്തരാക്കാനും ഖുര്‍ആന്‍ ഗവേഷണ രംഗത്ത് മികച്ച ഭാവി ഉറപ്പുവരുത്താനും അല്‍ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിദ്യാര്‍ഥികളെ സഹായിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.