കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കൃഷിപാഠം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് കൃഷിമന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. കൃഷി അന്തസ്സുള്ള തൊഴിലും സംസ്‌കാരവും ആണെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്തുക എന്നതും ഏത് ഉപജീവനമാര്‍ഗ്ഗം സ്വീകരിച്ചാലും അതോടൊപ്പം കൃഷിയെ അഭിനിവേശമായി കൂടെ നിര്‍ത്തുന്ന തലമുറയെ വാര്‍ത്തെടുക്കുക എന്നതുമാണ് കൃഷിപാഠം പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കുന്ന ഓരോ ഹൈസ്‌കൂള്‍/ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലും 50 കുട്ടികള്‍ അടങ്ങിയ കൃഷിക്കൂട്ടം രൂപീകരിക്കും. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പരിസരത്തെ നല്ല കര്‍ഷകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പ് രൂപീകരിക്കും. വിദ്യാലയങ്ങളില്‍ നഴ്‌സറി സ്ഥാപിച്ച് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വേണ്ട നടീല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കും. സ്‌കൂളുകളില്‍ കൃഷിത്തോട്ടം ഉണ്ടാക്കുകയും മികച്ച കര്‍ഷകരായിട്ടുള്ള അധ്യാപകന്‍, വിദ്യാര്‍ഥി എന്നിവരെയും മികച്ച സ്‌കൂളിനെയും ആദരിക്കും. കൃഷി അറിവുകള്‍ ഉള്‍പ്പെടുത്തി ഒരു കാര്‍ഷിക മാഗസിന്‍ പ്രസിദ്ധീകരിക്കും.
ആദ്യഘട്ടം എന്ന നിലയില്‍ 40 സ്‌കൂളുകളിലും വരുംവര്‍ഷങ്ങളില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പദ്ധതി വ്യാപിപ്പിക്കും. തകരുന്ന ബാല്യത്തെ സംരക്ഷിക്കുന്നതിനും തളരുന്ന കൃഷിയെ ഉജ്ജീവിപ്പിക്കുന്നതിനും കൃഷിപാഠം പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നമുക്കാവശ്യമുള്ള പഴങ്ങളും പച്ചക്കറികളും മറ്റ് ഭക്ഷ്യ വസ്തുക്കളും നാം തന്നെ ഉല്‍പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യണമെന്നും ഇതിലൂടെ കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതോ പയോഗം കുറച്ചു കൊണ്ടുവരാനും സാധിക്കും എന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മാരക രോഗങ്ങളുടെ പിടിയില്‍ നിന്നും സമൂഹത്തെ രക്ഷിച്ചെടുക്കുന്നതിന് ഇതാണ് നമ്മുടെ മുന്നിലുള്ള വഴി എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൃഷിപാഠം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ശാരുതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് കൂടത്താംകണ്ടി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി.ഗവാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, ജില്ലാ കൃഷി ഓഫീസര്‍ രമാദേവി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത് മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജീജ പി. പി നന്ദിയും പറഞ്ഞു.