വിസിമാരായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണം; ഹൈക്കോടതി

വിസിമാരായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണം; ഹൈക്കോടതി

കൊച്ചി: വൈസ് ചാന്‍സലര്‍മാരായി യൂണിവേഴ്സിറ്റികളില്‍ തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ് ചോദ്യം ചെയ്ത് പത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ എല്ലാം ഹരജികള്‍ ഒന്നായാണ് കോടതി പരിഗണിക്കുന്നത്. വിസിമാരുടെ ഹരജികള്‍ തീര്‍പ്പാക്കുന്നത് വരെ ഗവര്‍ണര്‍ അന്തിമ തീരുമാനം എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ചെളിവാരി എറിയരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനിടെയാണ് ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ എങ്ങനെ വിസിമാര്‍ക്ക് ആസ്ഥാനത്ത് തുടരാനാകുമെന്ന് ഹൈക്കോടതി ചോദിച്ചത്.

വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, യു.ജി.സി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്നലെ വൈകുന്നേരം അവസാനിച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വൈസ്ചാന്‍സലര്‍മാരും ഗവര്‍ണറുടെ ഓഫിസിന് മറുപടി കൈമാറിയിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണറുടെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചു. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരേ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചതിന്റെ സാഹചര്യവും വിശദീകരിച്ചു.
വിസിമാര്‍ക്ക് ഹിയറിങ് കൂടി നടത്തിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *