ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഏഴാം നമ്പര്‍ ഹാളിലെ റൈറ്റേഴ് ഫോറത്തില്‍ ‘ ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മ്മകള്‍ ‘ എന്ന ഇന്ദുലേഖ എഴുതിയ പുസ്തകം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ ആബേല്‍ അച്ചന്‍ ഷാര്‍ജ പുസ്തകോത്സവ അതോറിറ്റിയുടെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് മോഹന്‍ കുമാറിന് നല്‍കി പ്രകാശനം ചെയ്തു. വര്‍ഷങ്ങളായി പ്രവാസ മേഖലയില്‍ കഴിയുന്നവരാണ് ഇന്ദുലേഖയും ഭര്‍ത്താവ് മുരളീധരനും. തകര്‍ന്നടിഞ്ഞ വ്യവസായത്തിന്റെ ബാക്കിപത്രമായ ജീവിത പ്രാരാബ്ധങ്ങളില്‍ നിന്നാണ് ഈ പുസ്തകത്തിന്റെ പ്രചോദനം എന്ന് ഇന്ദുലേഖ പറയുന്നു. എ ബി അനില്‍കുമാര്‍, നവാസ് പൂനൂര്‍, ബെന്ന, ലിപി അക്ബര്‍ എന്നിവര്‍ ആശംസ നേര്‍ന്നു കൊണ്ട് സംസാരിച്ച ചടങ്ങില്‍ എഴുത്തുകാരന്‍ ബഷീര്‍ തിക്കോടി അവതാരകനായിരുന്നു. ലിപി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
25 മിനിട്ട് മാത്രമാണ് ഓരോ പുസ്തക പ്രകാശന ചടങ്ങുകള്‍ക്കും അനുവദിച്ചിട്ടുള്ളത്. മലയാളത്തിന്റെ പ്രസിദ്ധ കവിയും, നിരവധി പുരസ്‌കാര ജേതാവുമായ നാലപ്പാടന്‍ പത്മനാഭന്റെ ‘ തെയ്യം കവിതകള്‍ ‘ എന്ന പുസ്തകവും പ്രകാശനം ചെയ്യപ്പെട്ടു. പത്മശ്രീ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയരക്ടര്‍ ബിന്ദു ഇടയില്ലം, ഷാര്‍ജ പുസ്തകോത്സവ അതോറിറ്റിയുടെ എക്‌സ്റ്റേണല്‍ എഫയേഴ്‌സ് എക്‌സിക്യുട്ടീവ് മോഹന്‍ കുമാറിന്റെ പത്‌നി ഗീതാ മോഹന്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ ടി പ്രകാശന്‍, മാനസാ മനോജ്, ബാബു, ഗംഗാധരന്‍ രാവണേശ്വരം. ആശംസകള്‍ നേര്‍ന്നസംസാരിച്ചു. കൂടാതെ മറ്റ് പതിനേഴ് പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങുകള്‍ കൂടെ ഇന്നലെ (തിങ്കള്‍) നടന്നു.