ബംഗളൂരു: കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സിവില്‍ കോടതി ഉത്തരവിനെതിരേ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. സിവില്‍ കോടതി ഉത്തരവ് ജനാധിപത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
കെ.ജി.എഫ്-2 സിനിമയിലെ ഗാനം അനുമതിയില്ലാതെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. പകര്‍പ്പ് അവകാശലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബംഗളൂരു സിറ്റി സിവില്‍ കോടതിയുടെ ഉത്തരവ്. കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിര്‍ദേശം. ഇനി വീണ്ടും കേസ് പരിഗണിക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്ന നിര്‍ദേശമാണ് ട്വിറ്ററിന് കോടതി നല്‍കിയിരുന്നത്.
സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതായി ചൂണ്ടിക്കാട്ടിയാണ് മ്യൂസിക് കമ്പനി കോടതിയില്‍ ഹരജി നല്‍കിയത്. പിന്നാലെ, തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസ്, ഭാരത് ജോഡോ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍, കോടതി ഉത്തരവ് ഏകപക്ഷീയമായ നടപടി ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അനീതിയാണ് നടന്നതെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.