തിരുവനന്തപുരം: തിരുവനന്തപുരത്തെ കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ മേയറുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് എടുക്കും. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡി.ആര്‍.അനില്‍, മേയറുടെ ഓഫിസിലെ സ്റ്റാഫ് തുടങ്ങിയവരുടെയും മൊഴി എടുക്കും. കേസ് രജിസ്റ്റര്‍ ചെയ്യാതെയുള്ള പ്രാഥമിക അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. മൊഴി രേഖപ്പെടുത്തിയശേഷം കേസെടുത്ത് അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്‌തേക്കും.
തിരുവനന്തപുരം കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്. വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. മേയര്‍ ഒപ്പിട്ട കത്തുകള്‍ സി.പി.എം ഓഫിസുകളിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കത്ത് വ്യാജമല്ലന്ന് ഇതുവരെ പാര്‍ട്ടി പറഞ്ഞിട്ടില്ല. വ്യാജ കത്താണെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരും. അതുണ്ടാക്കിയവര്‍ കേസില്‍ പ്രതികളാവുകയും ചെയ്യും.അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.