തലശ്ശേരി: ലോകമാകെ ഫുട്ബാള്‍ ലഹരിയിലമരുമ്പോള്‍, ഇങ്ങ് കതിരൂര്‍ ഗ്രാമം കാല്‍പ്പന്തുകളിയിലെ ഇന്ത്യന്‍ ഇതിഹാസ താരമായ സുനില്‍ ഛേത്രിയുടെ സാന്നിദ്ധ്യം കൊണ്ട് ആവേശത്തിന്റെ അലകളിളക്കി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ ഫുട്ബാള്‍ കമ്പക്കാരുടെ ആരവങ്ങള്‍ക്കിടയില്‍, ഇന്ത്യന്‍ ഫുട്ബാള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കതിരൂര്‍ ബാങ്ക് എഫ് 13 ഫുട്ബാള്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മാന്ത്രികമായ ചടുല ചലനങ്ങളാല്‍ പന്തുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന താരത്തിന്റെ ഓരോ ചലനവും വാശിയേറിയ ഒരു കളിയുടെ ആവേശമാണ് കാണികളില്‍ വിതറിയത്. കതിരൂര്‍ സ്കൂള്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പത്തോളം ഫുട്ബോളുകള്‍ ഗ്രൗണ്ടിലേക്കെറിഞ്ഞാണ് നിര്‍വഹിച്ചത്. ചടങ്ങില്‍ കെ.വി സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു, എം.വിജിന് എം.എല്‍.എ ,റബ്കോ ചെയര്മാന് കാരായി രാജന്, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സനില്‍ , ഒ.കെ വിനിഷ്, വി.കെ സനോജ് തുടങ്ങി രാഷ്ടിയ’ സാമൂഹിക രംഗത്തുള്ളവര്‍ സംബന്ധിച്ചു. തലശേരി എ.സി.പി നിധിന് കുമാര്‍ ഐ.പി.എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.