രവി കൊമ്മേരി
ഷാര്‍ജ: 41ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 25 പുസ്തകങ്ങള്‍ വരെ ഓരോ ദിവസവും ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്സ് ഫോറത്തില്‍ വച്ച് മാത്രം പ്രകാശനം ചെയ്യപ്പെടുന്നു. കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ എഴുത്തിന്റെ മേഖലയിലേക്ക് പുതുതായി കടന്നു വരുന്നു എന്നത് വളരെ സന്തോഷത്തോടെയാണ് ഷാര്‍ജ പുസ്തകോത്സവ അതോറിറ്റി നോക്കിക്കാണുന്നത്. അക്ഷര ലോകത്തിന്റെ മുന്‍നിര ഡസ്‌ക്കില്‍ എന്നും പ്രസിദ്ധരായ എഴുത്തുകാരെ കാണാറുണ്ട്. പല രാജ്യങ്ങളിലുള്ളവര്‍, പല ഭാഷകളില്‍ പുസ്തകം എഴുതിയവര്‍. ഇവരെയൊക്കെ നേരിട്ട് കണ്ട് കൈയ്യൊപ്പ് പതിച്ച പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ നിരവധി അളുകള്‍ എത്തുകയും ചെയ്യുന്നു. അറബ് ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നാണ് കൂടുതലും എഴുത്തുകാര്‍ ഈ ഡസ്‌ക്കില്‍ എത്താറുള്ളത്. പ്രവാസ ലോകത്ത് അറിയപ്പെടുന്ന എഴുത്തുകാരനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ വെള്ളിയോടന്‍ ഈ വര്‍ഷം അദ്ദേഹത്തിന്റെ ‘ പരാജിതരുടെ വിശുദ്ധ ഗ്രന്ഥം ‘ എന്ന മലയാളം നോവല്‍ ഇംഗ്ലീഷിലേക്കും, അറബിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തിന്റെ അറബ് പരിഭാഷയായ ‘ ഷാസിയ ‘ എന്ന പുസ്തകം ഫാത്തിമ യഹിയ ഹുസൈന്‍ എന്ന എഴുത്തുകാരിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കൂടാതെ ഇതിന്റെ ഇംഗ്ലിഷ് പരിഭാഷ നടത്തിയിരിക്കുന്നത് ഇരിങ്ങാലക്കുടക്കാരിയായ മീനു കൃഷ്ണനാണ്. രാഷ്ട്രീയ അരാജകത്വം മൂലം മനംനൊന്ത് നാടുവിടേണ്ടി വന്ന ഒരു വനിതയുടെ ആത്മീയ ആവിഷ്‌ക്കാരമാണ് പുസ്തകത്തിന്റെ ഇതിവൃത്തം എന്ന് എഴുത്തുകാരന്‍ പറയുന്നു. മാത്രമല്ല ചരിത്രത്തിന്റെ പല പല ഏടുകളിലൂടെയും എഴുത്തുകാരന്‍ ഈ പുസ്തകത്തിലൂടെ സഞ്ചരിച്ചിരിക്കുന്നു.