മാഹി: ലഹരി ഉപഭോഗത്തിനും വിപണനത്തിനുമെതിരേ ശിശുദിനത്തില്‍ രാവിലെ 10.30 ന് പ്രതിരോധ ശൃംഗല തീര്‍ക്കും. മയ്യഴിയുടെ തെക്കന്‍ അതിര്‍ത്തിയായ പൂഴിത്തല തൊട്ട് ,വടക്കന്‍ അതിര്‍ത്തിയായ മാക്കുനി വരെ പ്രതിരോധ ശൃംഗലയൊരുക്കും. മയ്യഴി മേഖലയിലെ മുഴുവന്‍ രാഷ്ട്രീയ- സാംസ്‌കാരിക – സേവന സംഘടനകള്‍, മുഴുവന്‍ സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകര്‍, യു.പി തലം തൊട്ടുള്ള വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ശൃംഗലയില്‍ കണ്ണികളാവും. സ്റ്റാച്യു സ്‌ക്വയറില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. പങ്കെടുക്കുന്ന മുഴുവന്‍ ആളുകളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണയുടെ അധ്യക്ഷതയില്‍ നടന്ന വിപുലമായ ലഹരി വിരുദ്ധ കണ്‍വെന്‍ഷന്‍ രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ലഹരി കേസുകളില്‍ ഉള്‍പ്പെടുന്ന ആരേയും സംരക്ഷിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് മേധാവിയും ഉറപ്പ് നല്‍കി. മേഖലാ-വാര്‍ഡ് തല കമ്മിറ്റികള്‍ സജീവമാക്കാനും അധികാരികളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും തീരുമാനിച്ചു. പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട്, വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമ രാജ് മാഹി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. കെ.വി പവിത്രന്‍, ചാലക്കര പുരുഷു, വി.ജനാര്‍ദ്ദനന്‍, പി.വി ചന്ദ്രദാസ്, എം.പി ശിവദാസ്, തിലകന്‍ മാസ്റ്റര്‍, കെ.വി സന്ദീപ്, കെ.മോഹനന്‍ സംസാരിച്ചു. പ്രവീണ്‍ പാനിശ്ശേരി സ്വാഗതം പറഞ്ഞു.