കൊച്ചി: മുന്നോക്ക വിഭാഗങ്ങള്‍ക്ക് 10% സംവരണം നല്‍കുന്നത് സുപ്രീം കോടതി അംഗീകരിക്കുന്നതിന് മുമ്പേ കേരളത്തില്‍ 20 ശതമാനം നല്‍കി വന്നിരുന്ന കേരള സര്‍ക്കാര്‍ അത് 10 ശതമാനത്തിലേക്ക് ചുരുക്കാന്‍ തയാറാകണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെ.എല്‍.സി.എ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ജനറല്‍ കാറ്റഗറിയിലുള്ള 50 ശതമാനം സീറ്റുകളുടെ മാത്രമാണ് 10 ശതമാനം സംവരണം എടുക്കുന്നതെന്നാണ് ഈ കേസിലും സുപ്രീംകോടതിയില്‍ ഭരണഘടന ഭേദഗതിയെ അനുകൂലിക്കുന്നവര്‍ വാദിച്ചത്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ പി.എസ്.സി ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ 100 പേരില്‍ 10 പേര്‍ EWS സംവരണ കാറ്റഗറിയില്‍ വരുന്നു. ഇവിടെ 20% സംവരണം നല്‍കുകയാണ്. 100 സീറ്റില്‍ 50 ശതമാനം മെറിറ്റ് സീറ്റിന്റെ മാത്രമാണ് 10 ശതമാനം നല്‍കുന്നത് എങ്കില്‍ അഞ്ചുപേര്‍ക്കാണ് നല്‍കാവുന്നത്. ഇക്കാര്യം സര്‍ക്കാരിന്റെ മുന്നില്‍ പലതവണ പറഞ്ഞ് ബോധ്യപ്പെടുത്തിയ വിഷയമാണ്. പട്ടികജാതി പട്ടികവര്‍ഗം ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളെ സാമ്പത്തിക മാനദണ്ഡ-സംവരണ പരിധിക്ക് പുറത്ത് നിര്‍ത്തിയതും നീതി നിഷേധമാണ്. 50 ശതമാനത്തിലധികം സംവരണം ഉണ്ടാകരുതെന്ന ഇന്ദിരാസാഹ്നി കേസിലെ വിധി ന്യായത്തെ മറികടക്കുന്ന പരാമര്‍ശങ്ങള്‍ കൂടുതല്‍ വലിയ ബെഞ്ചിലേക്ക് വിടേണ്ടതാണ് എന്നും സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് എന്നിവര്‍ പറഞ്ഞു.