തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തി വാര്‍ത്താസമ്മേളനത്തില്‍ നിന്ന് കൈരളിയേയും മീഡിയ വണ്ണിനേയും വിലക്കിയ നടപടിക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രണ്ടു മാധ്യമങ്ങളെ വിലക്കിയപ്പോള്‍ മറ്റു മാധ്യമങ്ങള്‍ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം തന്നെ ബഹിഷ്‌കരിക്കണമെന്നായിരുന്നു എം.വി ഗോവിന്ദന്‍ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള ഒരു സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയുന്ന നിലപാടല്ല അദ്ദേഹം സ്വീകരിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍ മാധ്യമങ്ങളോട് വിവേചനം കാട്ടിയത് ഫാസിസ്റ്റ് രീതിയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഫാസിസ്റ്റ് രീതിയിലുള്ള നിലപാടിനെ ജനാധിപത്യ സംവിധാനം മുഴുവന്‍ ശക്തമായി എതിര്‍ക്കണമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ നിലപാടുകള്‍ ഒരുതരത്തിലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. റിപ്പോര്‍ട്ടര്‍ ടി.വി ബഹിഷ്‌കരിച്ചത് പോലെ മറ്റ് മാധ്യമങ്ങളും ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിവരേണ്ടതായിരുന്നെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള നിലപാടാണ് എല്ലാ മാധ്യമങ്ങളും സ്വീകരിക്കേണ്ടത്. പത്രപ്രവര്‍ത്തക യൂണിയന് ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ ബാധ്യതയുണ്ട്. സ്വേച്ഛാധിപത്യ രീതിയിലേക്കാണ് ഗവര്‍ണര്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇത്തരം നീക്കങ്ങള്‍ ഒരു തരത്തിലും കേരളം അംഗീകരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.