ചാലക്കര പുരുഷു
മാഹി: വെളുത്ത മുടി, നീട്ടി വളര്‍ത്തിയ താടി, ടീ ഷര്‍ട്ടും പാന്റും, തിളക്കമുള്ള കണ്ണുകള്‍, ഒറ്റനോട്ടത്തില്‍ സോക്രട്ടീസിനെപ്പോലെ തോന്നിപ്പിക്കുന്ന ഈ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. മനുഷ്യന്റേയും പ്രകൃതിയുടേയും പാരസ്പര്യത്തിന്റെ നിദര്‍ശനമായി കഴിഞ്ഞ നാല് വര്‍ഷമായി പന്തക്കലില്‍ താമസിക്കുന്ന സോമന്‍ മാറിയിരിക്കുകയാണ്. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ അവിവാഹിതനായ ഈ 78കാരന്‍ ജന്മനാടായ തൃശൂരിനോട് വിടപറഞ്ഞത് ചെറുപ്രായത്തിലാണ്. പിന്നീട് പ്രകൃതിയുടേയും ജീവ ജാലങ്ങളുടേയും പ്രിയതോഴനായി ഭാരതത്തിലുടനീളം അവധൂതനെപ്പോലെ സഞ്ചരിച്ചു. അതിനിടെ വയനാട്, കുടക് പ്രദേശങ്ങളില്‍ കൃഷിയിടങ്ങളിലും റബ്ബര്‍ എസ്റ്റേറ്റുകളിലുമായി ജോലി ചെയ്തു. പിന്നീട് കോടിയേരി പാറാലില്‍ നിര്‍മിച്ച , ആശ്രമ സമാനമായ ഉദ്യാനത്തിലായി താമസം. 14 പൂച്ചകളും, പത്ത് പട്ടികളും മാത്രമല്ല, പാമ്പുകളും, മുള്ളന്‍പന്നി യുമെല്ലാം എപ്പോഴും ഈ മനുഷ്യന് കൂട്ടിനുണ്ടാകും. മുളങ്കാടുകള്‍ക്കിടയില്‍ പാമ്പുകള്‍ സ്ഥിരതാമസമാക്കിയതും, അവയ്ക്ക് സോമന്‍ കൃത്യമായി ഭക്ഷണം നല്‍കുന്നതും പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ‘അവര്‍ ഭയന്ന് പൊലീസില്‍ പരാതിപ്പെട്ടു. പോലിസ് സോമനെ കസ്റ്റഡിയിലെടുത്തു. പാമ്പുകളെ പിരിയാന്‍ കഴിയാതെ വന്നതോടെ 16 വര്‍ഷത്തെ പാറാലിലെ താമസമവസാനിപ്പിച്ച് പന്തക്കലിലേക്ക് താമസം മാറ്റി. അവിടെയും കമനീയമായ ഉദ്യാനം തീര്‍ത്തു. പുറത്തും ഉദ്യാന നിര്‍മിതിക്ക് പോകും. ഇവിടേയും കുട്ടുകാരായി നിരവധി പട്ടികളും പൂച്ചകളുമെല്ലാമുണ്ട്.