ട്വിറ്ററിലേക്ക് തിരികെ ഡൊണാള്‍ഡ് ട്രംപ്; എതിര്‍ത്ത് ബൈഡന്‍

ട്വിറ്ററിലേക്ക് തിരികെ ഡൊണാള്‍ഡ് ട്രംപ്; എതിര്‍ത്ത് ബൈഡന്‍

  • മസ്‌കിന്റെ തീരുമാനം നിര്‍ണായകം

വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലേക്ക് തിരികെ വരുമെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ വിലക്ക് നീക്കുമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. വിലക്ക് ധാര്‍മികമായി ശരിയല്ലെന്നും ട്വിറ്റര്‍ ഏറ്റെടുക്കുന്നത് പൂര്‍ത്തിയായാല്‍ വിലക്ക് നീക്കുമെന്നും മസ്‌ക് പറഞ്ഞിരുന്നു. ട്വിറ്റര്‍ പൂര്‍ണമായി മസ്‌ക് ഏറ്റെടുത്തതോടെ എല്ലാവരും പ്രതീക്ഷിക്കുന്നത് ട്രംപിന്റെ തിരിച്ചുവരവാണ്.
ട്രംപ് ട്വിറ്ററിലേക്ക് സജീവമായി തിരിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. നുണകള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരുപകരണം ലോകത്തിലെ സമ്പന്നനായ മനുഷ്യന്‍ വാങ്ങിയെന്നാണ് ബൈഡന്‍ പറഞ്ഞത്. ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ ഇലോണ്‍ മസ്‌ക് 4400 കോടി രൂപക്കാണ് ട്വിറ്റര്‍ സ്വന്തമാക്കിയത്.
പ്രസിഡന്റ് ഇലക്ഷനോടനുബന്ധിച്ചും ശേഷവും ഡൊണാള്‍ഡ് ട്രംപ് ട്വിറ്റര്‍ വഴി നടത്തിയ ആഹ്വാനങ്ങള്‍ ഒരു ഘട്ടത്തില്‍ അമേരിക്കയെ ഒരു കലാപ ഭൂമിയാക്കിയേക്കുമോ എന്നതിനാലാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. ട്വിറ്ററില്‍ നിന്ന് ഒരാളെയും ആജീവനാന്തം ബ്ലോക്ക് ചെയ്യരുത് എന്നതാണ് മസ്‌കിന്റെ പ്രഖ്യാപിത നയം. ഇതുതന്നെയാണ് ട്രംപിന്റെ മടങ്ങിവരവിന് സാധ്യത കല്‍പിക്കുന്നതും.
എട്ട് കോടിയിലധികം ഫോളോവേഴ്‌സുള്ള @realDonaldTrump എന്ന ഹാന്റിലാണ് ട്രംപ് ഉപയോഗിച്ചിരുന്നത്. തിരുച്ചുവരവിലും ഇതുതന്നെയായിരിക്കും ട്രംപിന് നല്‍കുക. യു.എസ് കാപ്പിറ്റോള്‍ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ വിവിധ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആദ്യം മരവിക്കപ്പെട്ടത്. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *