ഏകാധിപതിയല്ല താങ്കള്‍; ഗെറ്റ് ഔട്ട് പറഞ്ഞത് മാധ്യമസ്വാതന്ത്ര്യത്തിനെതിരേ; ഗവര്‍ണര്‍ക്കെതിരേ ജോണ്‍ ബ്രിട്ടാസ്

ഏകാധിപതിയല്ല താങ്കള്‍; ഗെറ്റ് ഔട്ട് പറഞ്ഞത് മാധ്യമസ്വാതന്ത്ര്യത്തിനെതിരേ; ഗവര്‍ണര്‍ക്കെതിരേ ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ കൈരളിക്കും മീഡിയാ വണ്ണിനും വിലക്കിയതിനെതിരേ സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസ്. ഗവര്‍ണര്‍ താങ്കള്‍ ഒരു ഏകാധിപതിയല്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരം കേരളത്തിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ട വ്യക്തിയാണ് താങ്കള്‍. അതേ ഭരണഘടന നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ചവിട്ടിമെതിക്കാന്‍ താങ്കള്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇന്നു രാവിലെയാണ് കേഡര്‍ മാധ്യമങ്ങളോട് താന്‍ സംസാരിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കൈരളിയുടെയും മീഡിയ വണ്ണിന്റെയും റിപ്പോര്‍ട്ടര്‍ മാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് ജോണ്‍ ബ്രിട്ടാസ് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പതിവുകള്‍ക്കാണ് താങ്കള്‍ തുടക്കം കുറിച്ചിരിക്കുന്നത്. പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാലേക്കൂട്ടി ഇ-മെയിലിലൂടെ അനുവാദത്തിന് അപേക്ഷിപ്പിക്കുക, പരിശോധനയ്ക്കു ശേഷം അനുമതി പുറപ്പെടുവിക്കുക, പിന്നീട് അതുപ്രകാരം മാധ്യമപ്രവര്‍ത്തകരെ താങ്കളുടെ പക്കലെത്താന്‍ അനുവദിക്കുക എന്നിങ്ങനെ പുതിയൊരു ആചാരപ്രക്രിയയാണ് താങ്കള്‍ തുടങ്ങിയിരിക്കുന്നത്. എന്നിട്ടും ഇതിനു വിധേയമായി, ഈ കടമ്പകളൊക്കെ കടന്നാണ് കൈരളി ലേഖകന്‍ താങ്കളുടെ പക്കലെത്തിയത്. അപ്പോഴാണ് താങ്കള്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ട് ‘ഗെറ്റ് ഔട്ട്’ എന്ന് ആക്രോശിച്ചത്.

ലോകത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയത്തിന്റെ തീച്ചൂളയില്‍ ഉയര്‍ന്നുവന്നതാണ് കേരളത്തിന്റെ മാധ്യമപ്രവര്‍ത്തനം. ഈ ഭൂമികയ്ക്ക് രാഷ്ട്രീയദിശാബോധം പകര്‍ന്നവരായിരുന്നു കേരളത്തിന്റെ മഹാരഥന്മാരായ പത്രാധിപന്മാര്‍. ജനാധിപത്യം, മതനിരപേക്ഷത, സാഹോദര്യം, ആവിഷ്‌കാരസ്വാതന്ത്ര്യം തുടങ്ങിയവയാണ് കൈരളിയുടെ രാഷ്ട്രീയത്തിന്റെ മൂല്യാടിത്തറ. ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് ജനങ്ങളെ ഭരിക്കേണ്ടത് എന്നതാണ് ഞങ്ങളുടെ ഉത്തമമായ ബോധ്യം. അതുയര്‍ത്തിപ്പിടിക്കുന്നത് ഏതെങ്കിലും പദവിയോടുള്ള അനാദരവല്ല. ഒരു ‘ഗെറ്റ് ഔട്ടി’ല്‍ അവസാനിക്കുന്നതല്ല ഞങ്ങളുടെ ദൗത്യം എന്നു കൂടി അങ്ങയെ ഓര്‍മ്മിപ്പിക്കട്ടെ. ലോകത്തിന്റെ തന്നെ മാധ്യമചരിത്രത്തില്‍ തിളങ്ങുന്ന സംഭാവനകള്‍ ചെയ്ത കേരളത്തിലെ മാധ്യമസമൂഹം അവസരത്തിനൊത്തുയര്‍ന്ന് ഐക്യദാര്‍ഢ്യത്തിന്റെ തലത്തിലേയ്ക്ക് പ്രയാണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ബ്രിട്ടാസ് കുറിച്ചു.

രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സചേതനമായ ഇടപെടല്‍ കൈരളി നടത്തുന്നു. കൈരളിയുടെ വാര്‍ത്താ ഉള്ളടക്കം നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള സംവിധാനം കേന്ദ്രത്തിന്റെ പക്കലുണ്ട്. അങ്ങയുമായി ബന്ധപ്പെട്ട ഏതെങ്കിലും വാര്‍ത്തയെക്കുറിച്ചു പരാതിയുണ്ടെങ്കില്‍ അത് രേഖാമൂലം നല്‍കാം. അതു തിരുത്തുന്നില്ലെങ്കില്‍ നിയമത്തിന്റെ വഴി തേടാനും അങ്ങേയ്ക്ക് അവകാശമുണ്ട്. ലോകം അംഗീകരിച്ച രീതി അതാണ്.
പകരം, ഒരു മാധ്യമത്തെ വിലക്കാനോ ഭ്രഷ്ട് കല്‍പിക്കാനോ ഉള്ള അവകാശം താങ്കള്‍ക്കില്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഗവര്‍ണറും രാജ്ഭവനും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, വിഭ്രാന്തമായ ഭാവനാവിലാസങ്ങളില്‍ അഭിരമിക്കാനുള്ള അവകാശം താങ്കള്‍ക്കില്ല എന്ന് അസന്നിഗ്ധമായി പറയട്ടെ. താങ്കളുടെ ഏതെങ്കിലും പരിപാടി മാധ്യമങ്ങള്‍ കവര്‍ ചെയ്യേണ്ടതില്ല എങ്കില്‍ അങ്ങനെ തീരുമാനിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. എന്നാല്‍, തന്റെ ശബ്ദംമാത്രം മുഴങ്ങിക്കേള്‍ക്കുകയും ഇമ്പമുള്ള ചോദ്യങ്ങള്‍മാത്രം ലഭിക്കുകയും ചെയ്യുന്ന രീതിയിലുള്ള ‘പിക്ക് ആന്‍ഡ് ചൂസ്’ നടത്താന്‍ താങ്കള്‍ക്ക് അവകാശമില്ല എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *