ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷമാണ്. വരുമാന പരിധിയായി എട്ട് ലക്ഷം വളരെ കൂടുതലാണ്. എട്ട് ലക്ഷം പരിധിയായി സ്വീകരിച്ചാല്‍ അര്‍ഹിക്കാത്തവര്‍ക്കും സംവരണം ലഭിക്കാനിടയാകും. ഭൂമിയുടെ കാര്യത്തിലും ഇത് ബാധകമാണ്. സി.പി.എം പാര്‍ലമെന്റിലും ഇക്കാര്യം എതിര്‍ത്തതാണ്. സംവരണത്തിന്റെ അനുപാതത്തിനെതിരേ എതിര്‍പ്പുകള്‍ ഉയരുന്നത് സ്വാഭാവികമാണ്. വിധിയുടെ അടിസ്ഥാനത്തില്‍ ജാതി സെന്‍സസിന് വേണ്ടി ആവശ്യം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹരജികളില്‍ അഞ്ചംഗ ഭരണഘടന ബഞ്ചില്‍ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി, ജെ.ബി പര്‍ദിവാല എന്നിവര്‍ സാമ്പത്തിക സംവരണം അംഗീകരിച്ചു. പിന്നോക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയര്‍ത്താനാണ് സംവരണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സര്‍ക്കാരിനുണ്ട്. അതിനാല്‍ ഇത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി.