തിരുവനന്തപുരം: ഇടതുമുന്നണി നടത്താനിരിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്‍ മാര്‍ച്ച് വരട്ടെ എന്നും തന്നെ റോഡില്‍ ആക്രമിക്കട്ടെ എന്ന് പറഞ്ഞ അദ്ദേഹം ഇത്തരം സംഭവങ്ങളിലൂടെ സംസ്ഥാനം ഭരണഘടന തകര്‍ച്ചയിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സി.പി.എം ധര്‍ണ നടത്തുമെന്നാണ് പറയുന്നത്. അവര്‍ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താന്‍ രാജ്ഭവനിലുള്ളപ്പോള്‍ തന്നെ നടത്തട്ടേ. ധര്‍ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു.
‘ഞാന്‍ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത് വരെ മുഖ്യമന്ത്രി എത്തിയില്ലെ’ എന്നും ഗവര്‍ണര്‍ ചോദിച്ചു. മാത്രമല്ല, തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് പറയട്ടേ എന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ മാധ്യമങ്ങളെ വിലക്കിക്കൊണ്ടാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. കൊച്ചിയില്‍ ഗസ്റ്റ് ഹൗസിലായിരുന്നു രണ്ട് മാധ്യമങ്ങളെ വിലക്കിയുള്ള ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം. ഗവര്‍ണറുടെ ഓഫിസിന്റെ അറിയിപ്പ് അനുസരിച്ച് എത്തിയ മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവര്‍ണര്‍ വിലക്കിയത്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരമായി ക്യാംപെയ്ന്‍ ചെയ്യുകയാണെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണ് ഗവര്‍ണര്‍ പറഞ്ഞു.