മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നേടിയെടുത്ത ഉത്സാഹം സര്‍ക്കാരും സര്‍വകലാശാലകളും ശേഷം കാണിച്ചില്ല: ഭാഷാ സമന്വയ വേദി

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നേടിയെടുത്ത ഉത്സാഹം സര്‍ക്കാരും സര്‍വകലാശാലകളും ശേഷം കാണിച്ചില്ല: ഭാഷാ സമന്വയ വേദി

കോഴിക്കോട്: ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കാന്‍ കാണിച്ചത്ര ഉത്സാഹം അംഗീകാരം ലഭിച്ചശേഷം സര്‍ക്കാരും സര്‍വകലാശാലകളും കാണിച്ചില്ലെന്ന് ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മലയാള കൃതികളുടെ മഹത്വം അന്യഭാഷക്കാര്‍ അറിയാന്‍ വേണ്ട വിവര്‍ത്തന സംവിധാനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ ഒരുക്കാന്‍ സാധിക്കണമെന്ന് പ്രഭാഷകര്‍ നിര്‍ദേശിച്ചു. അളകാപുരിയില്‍ ചേര്‍ന്ന, ശ്രേഷ്ഠഭാഷ ആയതിനുശേഷം ‘മലയാളം’ എന്ന പരിപാടിയില്‍ ഡോ. പി.കെ രാധാമണി അധ്യക്ഷത വഹിച്ചു. കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനുമായ ഡോ. കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠഭാഷ എന്ന നിലയില്‍ മലയാളം വികസിക്കണമെങ്കില്‍ വിരളവും അമൂല്യവുമായ മറ്റു ഭാഷകളിലെ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ വിവിധ മേഖലകളിലെ വിദഗ്ധരായ വിവര്‍ത്തകരുടെ ഒരു പാനല്‍ ഉണ്ടാക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ വിഭജനവുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും ആധികാരികമായി ഇതുവരെ മലയാളത്തിലെത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്യസംസ്ഥാനക്കാര്‍ക്ക് ഹിന്ദിയുടെ സഹായത്തോടെ മലയാളം പഠിക്കാനായി ഭാഷാ സമന്വയ വേദി അംഗങ്ങള്‍ ചേര്‍ന്ന് രചിച്ച പുസ്തകത്തിന്റെ വിതരണത്തില്‍ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും സഹകരിക്കണമെന്ന് ആമുഖപ്രസംഗത്തില്‍ ഡോ. ആര്‍സു നിര്‍ദേശിച്ചു. ശ്രീധരന്‍ ചെറുവണ്ണൂര്‍ രചിച്ച കാവ്യസമാഹാരം ‘കരിമ്പന്‍’ ആദ്യ പ്രതി ഡോ. ഗോപി പുതുക്കോടിന് നല്‍കി പ്രകാശനം ചെയ്തു. പി.ടി രാജലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.
മലയാളത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ സംരംഭങ്ങളെ കുറിച്ച് ഡോ. ഗോപി പുതുക്കോട്, ഡോ. സി. സേതുമാധവന്‍, എസ്.എ ഖുദ്‌സി, സഫിയ നരിമുക്കില്‍, വാരിജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ടി.പി രാജീവന്റെ നിര്യാണത്തില്‍ വേദി അനുശോചനം രേഖപ്പെടുത്തി. ഭാഷാ സമന്വയ വേദി സെക്രട്ടറി ഡോ. ഒ.വാസവന്‍ സ്വാഗതവും കെ.എം വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *