കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ പതിവായി പാരായണം ചെയ്യുന്നവരുടെ സംഗമമായ മര്‍കസ് ദൗറത്തുല്‍ ഖുര്‍ആന്‍ സമ്മേളനത്തില്‍ ഒരുമിച്ചുകൂടി ആയിരങ്ങള്‍. പണ്ഡിതരുടെയും ആത്മീയ നേതാക്കളുടെയും സാന്നിധ്യത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനും പ്രാര്‍ത്ഥിക്കാനുമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഒട്ടേറെപേരാണ് ഇന്നലെ വൈകുന്നേരത്തോടെ മര്‍കസില്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് സ്ഥാപനങ്ങളുടെ സാരഥിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ രോഗശമനത്തിനായി പ്രത്യേക പ്രാര്‍ത്ഥനയും സമ്മേളനത്തില്‍ നടന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ മതപരവും ഭൗതികപരവുമായ മുന്നേറ്റത്തില്‍ കാന്തപുരം ചെയ്ത സേവനങ്ങള്‍ മഹത്തരമാണെന്നും സാന്നിധ്യം സമൂഹത്തിനിനിയും അനിവാര്യമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ പറഞ്ഞു.
മര്‍കസ് ഖുര്‍ആന്‍ അക്കാദമികളിലെ വിദ്യാര്‍ഥികളുടെ ഖുര്‍ആന്‍ പാരായണത്തോടെ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, എ.പി മുഹമ്മദ് മുസ്ലിയാര്‍, സി.മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കെ.കെ അഹ്‌മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി, വി.പി.എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ സംബന്ധിച്ചു.