തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.എം. വിവാദത്തിന്റെ സാഹചര്യത്തില്‍ അടിയന്തരമായി ചേര്‍ന്ന സി.പി.എം യോഗത്തിലാണ് തീരുമാനം. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചു ചേര്‍ത്തത്. നാളെ യോഗം ചേരും. കത്ത് പുറത്തുവിട്ട സംഭവത്തില്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ കത്ത് വ്യാജമെന്ന മേയറുടെ വാദം സി.പി.എം ജില്ലാ സെക്രട്ടറി ഇന്നും ഏറ്റെടുത്തില്ല. കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാന്‍ അന്വേഷണം നടക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. മേയര്‍ എഴുതി എന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ല എന്നും സി.പി.എം ജില്ലാ സെക്രട്ടറി ആവര്‍ത്തിച്ചു. വിവാദവുമായി ബന്ധപ്പെട്ട് മേയറോട് സംസാരിച്ചിരുന്നതായും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
അതേസമയം വിവാദ കത്ത് താന്‍ എഴുതിയതല്ലെന്ന് വ്യക്തമാക്കി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തി. പാര്‍ട്ടിക്കാണ് ആര്യാ രാജേന്ദ്രന്‍ വിശദീകരണം നല്‍കിയത്. വ്യാജ കത്തിനെതിരെ നിയമ നടപടി എടുക്കുമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. പോലിസില്‍ പരാതി നല്‍കാന്‍ പാര്‍ട്ടി ആര്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റി പോലിസ് കമ്മീഷണര്‍ക്കോ മ്യൂസിയം പോലീസിലോ ആണ് മേയര്‍ പരാതി നല്‍കുക. വ്യാജ ഒപ്പും, സീലില്ലാത്ത ലെറ്റര്‍പാഡും ഉണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്ന് കാട്ടിയാകും പരാതി നല്‍കുക.