കോഴിക്കോട്: ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംസ്ഥാനത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയും കഴിവും താല്‍പര്യവും സേവന സന്നദ്ധതയുമുള്ള എല്ലാ മലയാളികളേയും ജാതി-മത-വര്‍ഗ-വര്‍ണ-ലിംഗ-രാഷ്ട്രീയ-പ്രാദേശിക ഭേദങ്ങളില്ലാതെയാണ് മുന്നോട്ട് പോകുന്നത്. സന്നദ്ധ-സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ വിപുലമാക്കുകയാണ് ലക്ഷ്യമെന്ന് ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ പ്രസിഡന്റ് ഡോ.ജെ. രത്‌നകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗ്രീന്‍ ക്ലബ്, സ്ത്രീ ശാക്തീകരണം, ബേസിക് ലൈഫ് സപ്പോര്‍ട്ട്, യൂത്ത് ക്ലബ്, എല്‍ഡേഴ്‌സ് ക്ലബ് എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളില്‍ സംഘടന ശ്രദ്ധ കേന്ദ്രീകരിക്കും. പ്ലാന്റ് ഫോര്‍ പ്ലാനറ്റ് പ്രാവര്‍ത്തികമാക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ പദ്ധതികളുടെ പുതുമാതൃകകള്‍ സൃഷ്ടിക്കും.
മണ്ണ്-ജല സംരക്ഷണം, സോളാര്‍ പവര്‍ ഉപയോഗം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കല്‍ എന്നിവയ്ക്ക് വിപുലമായ പ്രചാരം നല്‍കും. സ്ത്രീകള്‍ക്ക് സ്വയം തെഴില്‍ കണ്ടെത്തുന്നതിന് ഉതകുന്ന കരിയര്‍ ഗൈഡന്‍സ്- തൊഴില്‍ പരിശീലന പദ്ധതികള്‍ നടപ്പാക്കും. ബേസിക് ലൈഫ് സപ്പോര്‍ട്ട് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേയും ഒരു വാര്‍ഡിലെ ഒരു പുരുഷനും സ്ത്രീയ്ക്കും സി.പി.ആര്‍ പരിശീലനം നല്‍കും. 60000 പേര്‍ക്കാണ് ഇതിന്റെ ഭാഗമായി പരിശീലനം ലഭിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ മിഷന്റേയും സര്‍വീസ് പെന്‍ഷനേഴ്‌സിന്റേയും സഹകരണത്തോടെയാണ് വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്തുക. യൂത്ത് ക്ലബിന്റെ ഭാഗമായി ഡ്രൈവിങ് മാനേഴ്‌സ് ക്ലാസുകള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കും. എല്‍ഡേഴ്‌സ് ക്ലബ് രൂപീകരിച്ച് മുതിര്‍ന്ന പൗരന്മാരുടെ അനുഭവ സമ്പത്ത് സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കുന്നതിന് അവസരം ലഭ്യമാക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയകാലത്തും കൊവിഡ് മഹാമാരിക്കാലത്തും ‘കൈരളിക്ക് കൈത്താങ്ങ്’ എന്ന പേരില്‍ വിപുലമായ സേവന-സഹായ പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തില്‍ നടന്നത്. ക്യാന്‍സര്‍ രോഗിക്ക് വീട്, പാരാഒളിമ്പിക്‌സ് മത്സരാര്‍ഥിക്കുള്ള ധനസഹായം, നിരാലംബര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കല്‍, എയ്ഡ്‌സ് രോഗികളെ പരിചരിക്കുന്ന പദ്ധതി, കലൂര്‍ സ്റ്റേഡിയം പ്ലാസ്റ്റിക് മുക്തമാക്കല്‍, ഐക്യകാഹളമുയര്‍ത്തി ലോകമെമ്പാടും നടത്തിയ ഓണാഘോഷങ്ങള്‍, യുക്രൈന്‍ യുദ്ധകാലത്ത് മലയാളികളെ നാട്ടിലെത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഡബ്ല്യു.എം.എഫിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുദാഹരണമാണ്.
വിയന്ന ആസ്ഥാനമാക്കി സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലയാളി വ്യവസായി ഡോ.പ്രിന്‍സ് പുളിക്കുന്നേലിന്റെ നേതൃത്വത്തില്‍ 2016ലാണ് ഡബ്ല്യു.എം.എഫ് സ്ഥാപിതമായത്. ഇന്ന് ഈ കൂട്ടായ്മ 162 രാജ്യങ്ങളിലെ സാന്നിധ്യംകൊണ്ട് സമ്പന്നമാണ്. ഡോ.പ്രിന്‍സ് പള്ളിക്കുന്നേല്‍ ഗ്ലോബല്‍ ചെയര്‍മാനായിട്ടുള്ള ഡബ്ല്യു.എം.എഫിന്റെ പതിനൊന്നംഗ ഗ്ലോബല്‍ ക്യാബിനറ്റ് നയിക്കുന്നത് ഗ്ലോബല്‍ പ്രസിഡന്റ് ഡോ.ജെ. രത്‌നകുമാറാണ്. ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ പൗലോസ് തോപ്പാലയും ഗ്ലോബല്‍ സെക്രട്ടറി ഹരീഷ് നായരും ട്രഷറര്‍ നിസാര്‍ എടത്തുംമീത്തലുമാണ്. പുറമേ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, ഡയരക്ടര്‍ ബോര്‍ഡ്, അഡൈ്വസറി കൗണ്‍സില്‍ എന്നിവ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ വൈസ് പ്രസിഡന്റ് സി. മനോജ്, സംസ്ഥാന പ്രസിഡന്റ് ടി.ബി നാസര്‍, സെക്രട്ടറി ബിപിന്‍ സണ്ണി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഓര്‍മ റഫീഖ്, ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍ സംബന്ധിച്ചു.