ഷാം എല്‍ ഷെയ്ഖ്: ലോക കാലവാസ്ഥ ഉച്ചകോടി (സി.ഒ.പി-27) ഞായറാഴ്ച ആരംഭിക്കും. ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ നവംബര്‍ ആറ് മുതല്‍ 18 വരെയാണ് ഉച്ചകോടി നടക്കുക. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഉള്‍പ്പെടെ 90 രാഷ്ട്രനേതാക്കള്‍ ഉച്ചകോടിയില്‍ സംബന്ധിക്കും.
ഇന്ത്യന്‍ പ്രതിനിധിയായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കും. 18 പേരടങ്ങിയ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സി.ഒ.പി-27ല്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.
ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യല്‍സില്‍ താഴെ എത്തിക്കുമെന്ന 2015 ലെ പാരീസ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാനുതകുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ അംഗരാജ്യങ്ങള്‍ പ്രതിജ്ഞ പുതുക്കും.