രവി കൊമ്മേരി
ഷാര്‍ജ: അക്ഷരങ്ങളുടെ ലോകത്ത് ഒത്തിരി ദൂരം നടന്നു കയറിയവര്‍ക്കും, നടന്നുകൊണ്ടിരിക്കുന്നവര്‍ക്കും, ഇനി നടക്കാന്‍ തുടങ്ങുന്നവര്‍ക്കും കൂടുതല്‍ കൂടുതല്‍ അറിയുവാനും ഒത്തൊരുമിക്കാനും ഒരു ലോകം. അറിവിന്റെ വിശാല ലോകം. അതാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്വരൂപിക്കാനും അതില്‍ പല പ്രമുഖ എഴുത്തുകാരേയും നേരിട്ട് കാണുവാനും അതിലെല്ലാമുപരി തങ്ങളുടെ എഴുത്തുകാരുടെ കൈയ്യൊപ്പ് പതിച്ച് പുസ്തകങ്ങള്‍ നേരിട്ട് സ്വന്തമാക്കുവാനുമുള്ള സുവര്‍ണാവസരമാണ് ഈ വേദി.
‘വാക്കുകള്‍ വ്യാപിക്കട്ടെ’ എന്ന ആശയം മുന്നോട്ടുവച്ച് ഭാഷകളുടെ ഭാവതലങ്ങള്‍ അളക്കാതെ രാജ്യങ്ങളുടെ വലിപ്പച്ചെറുപ്പം അളക്കാതെ പുസ്തകങ്ങളെ സ്‌നേഹിക്കുവാന്‍ പഠിപ്പിക്കുകയാണ് ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ ഹിസ് ഹൈനസ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അക്ഷരങ്ങള്‍ കോര്‍ത്തിണക്കി വാക്കുകളുടെ നവ സാഗരം തീര്‍ക്കുന്ന കൊച്ചു കുട്ടി എഴുത്തുകാര്‍ മുതല്‍ ലോകം ചുറ്റി സഞ്ചരിച്ച് കണ്ടും കേട്ടും അനുഭവിച്ചും പഠിച്ച്, ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ വാക്കുകള്‍ കൊണ്ട് പുത്തന്‍ലോകം നമുക്ക് പകര്‍ന്നു നല്‍കുന്ന നിരവധി എഴുത്തുകാരും പുസ്തകോത്സവത്തിന്റെ മുന്‍നിര ബഞ്ചില്‍ സന്ദര്‍ശകര്‍ക്ക് തങ്ങളെ നേരിട്ട് അറിയുവാനും അവരുടെ സൃഷ്ടികളെ പരിചയപ്പെടുത്തുവാനും എത്തുന്നുണ്ടായിരുന്നു. അത്തരം ഒരു കൊച്ചു മിടുക്കനായ ഷാര്‍ജയിലെ എഴുത്തുകാരനായിരുന്നു മാസ്റ്റര്‍ അലി ഹുമൈദ് അല്‍ ലോഗാനി. കുട്ടികള്‍ക്കു വേണ്ടി തന്റെ കുഞ്ഞനുഭവങ്ങള്‍ കോര്‍ത്തിണക്കി Giving Without Limits എന്ന കുഞ്ഞു പുസ്തകത്തില്‍ ഒരു പാട് കാര്യങ്ങള്‍ അവന്‍ വിശദീകരിക്കുന്നു.
കൂടാതെ നിരവധി ജീവിതാനുഭവങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നേരിട്ടനുഭവിച്ചറിഞ്ഞ്, ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുത്തിന്റെ ലോകത്തിലൂടെ സ്വന്തമായൊരു പുസ്തകവുമായി 41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എത്തിയിരിക്കുന്ന നവാഗത എഴുത്തുകാരിയാണ് ഷാര്‍ജ സ്വദേശിനിയായ അമല്‍ കോട്ട്. ലോകത്തില്‍ എവിടെയായാലും സ്ത്രീകള്‍ക്കെതിരേ നടന്നു വരുന്ന ക്രൂരതകള്‍ക്കെതിരേ, സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ക്കെതിരേയാണ് അവര്‍ സംസാരിക്കുന്നത്. ഏറ്റവും കൂടുതല്‍ തിരക്ക് എപ്പോഴും അനുഭവപ്പെടാറുള്ളത് ഹാള്‍ നമ്പര്‍ 7ല്‍ ഇന്ത്യന്‍ പവലിയനില്‍ ആണെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായി മൂന്നാം ദിവസമായ ഇന്നലെ വന്‍ ജനാവലി ദര്‍ശിക്കാന്‍ കഴിഞ്ഞത് അറബ് രാജ്യങ്ങളുടെ പവലിയനുകളില്‍ ആയിരുന്നു. ഭൂരിഭാഗവും സ്ത്രീകളായിരുന്നു സന്ദര്‍ശകര്‍. കോളേജ് വിദ്യാര്‍ഥികളും കുട്ടികളും അങ്ങനെ ഒട്ടനവധി പേരുടെ വളരെ നീണ്ട നിര. കാത്തിരിക്കുകയാണവര്‍ തങ്ങളുടെ ഇഷ്ട എഴുത്തുകാരെ ഒന്നു കാണാന്‍. അവരില്‍ നിന്ന് കൈയ്യൊപ്പോടുകൂടി നേരിട്ട് പുസ്തകം വാങ്ങി സ്വന്തമാക്കാന്‍. വരും ദിവസങ്ങളില്‍ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ മഹത് വ്യക്തികള്‍ എത്തിച്ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.