നാദാപുരത്ത് ജീവിതശൈലി രോഗം തടയുന്നതിന് ‘ജീവതാളം പദ്ധതിക്ക് ‘ തുടക്കമായി

നാദാപുരത്ത് ജീവിതശൈലി രോഗം തടയുന്നതിന് ‘ജീവതാളം പദ്ധതിക്ക് ‘ തുടക്കമായി

നാദാപുരം: ഗ്രാമപഞ്ചായത്ത് താലൂക്ക് ആശുപത്രിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ജീവതാളം പദ്ധതിക്ക് തുടക്കമായി. ജീവിതശൈലി രോഗനിര്‍ണയം നടത്തി സമ്പൂര്‍ണ ജീവിതശൈലി മാറ്റം നാദാപുരം പഞ്ചായത്തിലെ ജനങ്ങളില്‍ ഉണ്ടാക്കുന്നതിനുള്ള സമഗ്ര സാമൂഹിക അധിഷ്ഠിത ജീവിതശൈലി രോഗപ്രതിരോധ പദ്ധതിയാണ് ജീവതാളം പദ്ധതി. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 18 വയസ് കഴിഞ്ഞവരുടെ ജീവിതശൈലി പരിശോധനയും രോഗികളായവര്‍ക്ക് മരുന്ന് വിതരണവും തുടര്‍ ചികിത്സയും ഉറപ്പുവരുത്തുന്നു. വാര്‍ഡുകളില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ , ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കൂടാതെ കാന്‍സര്‍ പരിശോധന സ്ത്രീകള്‍ക്കായി പദ്ധതിയിലൂടെ നടത്തുന്നതാണ്. പദ്ധതിക്ക് വേണ്ടി ഒരു ലക്ഷം രൂപ നാദാപുരം ഗ്രാമപഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്. 100 വീടുകള്‍ ക്ലസ്റ്ററുകള്‍ ആക്കിയുള്ള പരിശോധന വാര്‍ഡുകളില്‍ അടുത്തദിവസം ആരംഭിക്കുന്നതാണ്. ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ , ആശാവര്‍ക്കര്‍ , വാര്‍ഡ് വികസന സമിതി അംഗങ്ങള്‍ , വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കുള്ള പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രന്റ് ഡോക്ടര്‍ എം.ജമീല പദ്ധതി വിശദീകരിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. കെ നാസര്‍ , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , വാര്‍ഡ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി എന്നിവര്‍ സംസാരിച്ചു. നരിപ്പറ്റ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. സജിത്ത് ക്ലാസെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *