കോഴിക്കോട്: നഗരം സാക്ഷ്യം വഹിച്ചിട്ടുള്ള ഏറ്റവും വലിയ കലാപ്രദര്‍ശനങ്ങളിലൊന്നായ ‘ദ റോഡ് ലെസ് ട്രാവല്‍ഡി’ന് ഇന്ന് തുടക്കമാകും. കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി, എസ്.കെ പൊറ്റെക്കാട്ട് കള്‍ച്ചറല്‍ സെന്റര്‍ എന്നിവിടങ്ങളിലായി ഇന്ത്യയിലും വിദേശങ്ങളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട 126 പ്രമുഖ പ്രിന്റ് മേക്കേഴ്‌സിന്റെ കലാസൃഷ്ടികളുടെ പ്രദര്‍ശനമായ ‘ദ റോഡ് ലെസ് ട്രാവല്‍ഡ്’ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രശസ്ത പ്രിന്റ് മേക്കറും ചെന്നൈയിലെ സെന്‍ട്രല്‍ ലളിത്കലാ അക്കാദമിയുടെ മുന്‍ മേഖലാ സെക്രട്ടറിയുമായ ആര്‍.എം പളനിയപ്പന്‍ കേരളകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍ സുനില്‍ ലാല്‍ ടി.ആര്‍, അക്കാദമി നിര്‍വാഹക സമിതി അംഗം സുനില്‍ അശോകപുരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജാരവിവര്‍മ്മ, ഭൂപന്‍ ഖാക്കര്‍, കെ.ജി സുബ്രഹ്‌മണ്യന്‍, സോംനാഥ് ഹോര്‍, ലക്ഷ്മ ഗൗഡ്, സുരേന്ദ്രന്‍ നായര്‍ തുടങ്ങി വിശ്വോത്തര പ്രിന്റ് മേക്കേഴ്‌സിന്റെ സൃഷ്ടികളാണ് ഈ പ്രദര്‍ശനത്തിലൂടെ ഉത്തരകേരളത്തിലെ കലാസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്. ആര്‍ട്ടിസ്റ്റും പ്രിന്റ്‌മേക്കറുമായ സുനില്‍ലാല്‍ ടി.ആര്‍ ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് മുഖ്യാതിഥിയാകും. അക്കാദമി നിര്‍വാഹക സമിതി അംഗവും കലാചരിത്ര അധ്യാപികയുമായ പ്രീതി ജോസഫ് പ്രദര്‍ശനം പരിചയപ്പെടുത്തും. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന കെ.എം മധുസൂദനന്‍, കെ.കെ മുഹമ്മദ്, മനോജ് വൈലൂര്‍, മുരളീദാസ് പി.വി, നിജീന നീലാംബരന്‍, വി.നാഗ്ദാസ്, ശ്രീജ.പി, സക്കീര്‍ ഹുസൈന്‍ എന്നിവരെ ചടങ്ങില്‍ ആര്‍ക്കിടെക്ട് ടോണി ജോസഫ് ആദരിക്കും. അക്കാദമി നിര്‍വാഹക സമിതി അംഗം സുനില്‍ അശോകപുരം സ്വാഗതവും ക്യുറേറ്റര്‍ സുനില്‍ലാല്‍ ടി.ആര്‍ നന്ദിയും പറയും.
കോഴിക്കോടിന്റേയും അക്കാദമിയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നാകും ഇതെന്നും കലാകാരന്മാരുടെ സര്‍ഗശക്തിയുടെ സാധ്യതകളെ വ്യത്യസ്ത വഴികളിലൂടെ ആവിഷ്‌കരിക്കുന്നതാണ് പ്രിന്റ് മേക്കിങ് എന്നും അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് പറഞ്ഞു. കലാകാരന്മാരുടെ വ്യക്തിപരമായ സര്‍ഗശക്തിക്കൊപ്പം കായികമായ കൂട്ടായ്മയുടെ അധ്വാനവും ആവശ്യമായ പ്രക്രിയയാണ് പ്രിന്റ് മേക്കിങ്. ഇന്ത്യയില്‍ ഏറെ കലാകാരന്മാര്‍ ഈ രംഗത്തേക്ക് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ടാണ് ‘അധികം പേര്‍ സഞ്ചരിക്കാത്ത വഴി’ എന്നര്‍ഥം വരുന്ന ‘ദ റോഡ് ലെസ് ട്രാവല്‍ഡ്’ എന്ന് പ്രദര്‍ശനത്തിന് പേരിട്ടത്. ഈ പ്രദര്‍നത്തിലൂടെ രാജ്യത്തെ മിക്കവാറും എല്ലാ പ്ിന്റ് മേക്കേഴ്‌സിനേയും അക്കാദമി ഒരുമിച്ച് അണിനിരത്തുകയാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.