കോഴിക്കോട്: കേരള പ്രവാസി സംഘം സംസ്ഥാനജാഥയ്ക്ക് എട്ടിന് വൈകീട്ട് ആറ് മണിക്ക് മുതലക്കുളത്ത് വന്‍ സ്വീകരണം ഒരുക്കുമെന്ന് കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് സജീവ് കുമാറും സെക്രട്ടറി സി.വി ഇക്ബാലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എട്ടിന് ജില്ലയിലെത്തുന്ന ജാഥയെ ജില്ലാ അതിര്‍ത്തിയായ അടിവാരത്ത് നിന്ന് സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ 11 മണിക്ക് പേരാമ്പ്രയിലെയും മൂന്ന് മണിക്ക് വടകരയിലെയും സ്വീകരണങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട്ടെത്തുന്നത്. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലും ജാഥയ്ക്ക് സ്വീകരണം ഒരുക്കാന്‍ വിപുലമായ സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മുതലക്കുളത്തെ സ്വീകരണയോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിക്കും.
2023 ഫെബ്രുവരി 15ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിനും ഈ മാസം 16ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിനും മുന്നോടിയായാണ് സംസ്ഥാന ജാഥ സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിഹിതം അനുവദിക്കുക നിര്‍ത്തലാക്കിയ പ്രവാസി ക്ഷേമകാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റനിയമം പാസാക്കുക എന്നിവയാണ് സംഘടന മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി അബ്ദുള്‍ഖാദര്‍ (മുന്‍ എം.എല്‍.എ) ക്യാപ്റ്റനും പ്രസിഡന്റ് ഗഫൂര്‍.പി. ലില്ലിസ് വൈസ് ക്യാപ്റ്റനും ട്രഷറര്‍ ബാദുഷ കടലുണ്ടി മാനേജരുമാണ്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ എം. സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫിജ പുല്ലാക്കല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി. ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.