മലപ്പുറം: സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയും ‘മാതൃഭൂമി’ സ്ഥാപക പത്രാധിപരുമായിരുന്ന കെ.പി കേശവമേനോന്റെ സ്മരണാര്‍ത്ഥം കെ.പി കേശവമേനോന്‍ സ്മാരക സമിതി നല്‍കിവരുന്ന പുരസ്‌കാരത്തിന് വാഗ്മിയും കലാ-സാംസ്‌കാരിക നായകനും മഹാകവി വള്ളത്തോള്‍ സ്മാരക കലാ സാംസ്‌കാരിക കേന്ദ്രം ചെയര്‍മാനുമായ ഗോപിനാഥ് ചേന്നരയെ തിരഞ്ഞെടുത്തു. 25,000 രൂപയും ശില്‍പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. കെ.പി കേശവമേനോന്റെ ചരമദിനമായ നവംബര്‍ ഒന്‍പതാം തിയ്യതി ഹോട്ടല്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് കേശവമേനോന്റെ പൗത്രി നളിനി ദാമോദരന്‍ പുരസ്‌കാരം സമ്മാനിക്കും. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡോ: ടി.എം രവീന്ദ്രന്‍, പി.ഗംഗാധരന്‍ നായര്‍, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ആറുപതിറ്റാണ്ടു കാലത്തെ ഗോപിനാഥ് ചേന്നരയുടെ സേവന പ്രവര്‍ത്തനത്തിനു നിരവധി ബഹുമതികളും അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മികച്ച സാക്ഷരതാ പ്രവര്‍ത്തകനുള്ള പുരസ്‌കാരം, വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് 2007 ല്‍ കാന്‍ഫെഡിന്റെ സംസ്ഥാനതല അവാര്‍ഡ് തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. കലാരംഗത്തെ ഹരിശ്രീ കുറിച്ചത് മഹാകവി വള്ളത്തോളിന്റെ ജന്മഗൃഹത്തില്‍ നിന്നായിരുന്നു. തുടര്‍ന്ന് നാടകം, സീരിയല്‍, സിനിമ രംഗങ്ങളിലും അഭിനയിച്ചു. നാടകരംഗത്തെ പ്രഥമ സ്റ്റേജ് ഗുരുവായൂരിലെ സത്രം ഹാളിലായിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തില്‍ നാടക വിഭാഗത്തില്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റായും സേവനം അനുഷ്ഠിച്ചു.
കെ.പി കേശവമേനോന്‍ യുവാക്കള്‍ക്കായി മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ രൂപകല്‍പന ചെയ്യുകയും ഏഷ്യയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായി വളരുകയും ചെയ്ത കാലഘട്ടത്തില്‍ സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തനങ്ങളുമായി മലപ്പുറം ജില്ലയിലും തുടര്‍ന്ന് വിവിധ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍മാര്‍ ഒന്നിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോയി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കെ.പി കേശവമേനോന്‍, വി.എം നായര്‍, എന്‍.വി കൃഷ്ണവാരിയര്‍, എം.ടി വാസുദേവന്‍നായര്‍, കൈതപ്രം, സത്യന്‍അന്തിക്കാട് തുടങ്ങിയവരുടെ ക്ലാസുകളില്‍ പങ്കെടുത്തും വളര്‍ന്നുവരുന്ന തലമുറക്കായി അവ പകര്‍ന്നുകൊടുത്തും പ്രവര്‍ത്തനങ്ങള്‍ ഇന്നും സജീവമായി തുടര്‍ന്നുവരുന്നു. ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള ബഹുമാനാര്‍ത്ഥം തിരൂര്‍ ബി.പി അങ്ങാടി നോര്‍ത്ത് വിശ്വാസ്നഗര്‍ വെട്ടം റോഡിനെ ബന്ധിപ്പിക്കുന്ന ‘ഗോപിനാഥ് ചേന്നര നടപ്പാത’ എന്ന പേര് നല്‍കി വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ആറ്റക്കോയ പള്ളിക്കണ്ടി (മുഖ്യ രക്ഷാധികാരി), ആര്‍.ജയന്ത്കുമാര്‍(ചെയര്‍മാന്‍), കോയട്ടി മാളിയേക്കല്‍ (സെക്രട്ടറി), പി.കെ ജയചന്ദ്രന്‍ (കണ്‍വീനര്‍) പങ്കെടുത്തു.