തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മേയറുടെ ചേംബറിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലിസ് തടഞ്ഞത് കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിഷയത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്തുവന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോള്‍ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രതിപക്ഷം.
കോര്‍പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് സമൂഹമാധ്യമത്തില്‍ വൈറലായത്. കത്തിനെ കുറിച്ച് അറിയില്ലെന്ന് മേയര്‍ പ്രതികരിച്ചു. കത്തയച്ച ഒന്നാം തിയതി ‘എവിടെ എന്റെ തൊഴില്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം.