തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യ രാജേന്ദ്രന്‍ കത്ത് വിവാദത്തില്‍. കരാര്‍ നിയമന ലിസ്റ്റാണ് സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയറയയ്ച്ച കത്തിലുള്ളത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ആണ് കത്ത് അയയ്ച്ചിട്ടുളളത്.
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലെ 295 താല്‍ക്കാലിക തസ്തികകളിലേക്ക് ആണ് സി.പി.എം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടിക ആവശ്യപ്പെട്ടുകൊണ്ടുള്ള മേയറുടെ ഔദ്യോഗിക കത്ത് പുറത്തുവന്നത്. അര്‍ബണ്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം. ഈ മാസം ഒന്നിനാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.
മേയറുടെ കത്ത് ചില സി.പി.എം നേതാക്കളുടെ വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനമുയരുന്നുണ്ട്.
ഡല്‍ഹിയില്‍നിന്നു വന്നതേയുള്ളൂ. എന്താണു സംഭവമെന്ന് അന്വേഷിക്കട്ടെ. അങ്ങനെയൊരു കത്ത് പോകേണ്ട ആവശ്യമില്ലല്ലോ’ എന്നായിരുന്നു സംഭവത്തോടുളള ആര്യ രാജേന്ദ്രന്റെ പ്രതികരണം. അങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്നും പരിശോധിക്കാമെന്നും ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു.