ദുബായ്: 2023 ഫെബ്രുവരിയില്‍ കോഴിക്കോട്ട് നടക്കുന്ന ‘ഹെല്‍ത്ത് എക്‌സ്‌പോ ഇന്ത്യ- കേരള 23’എന്ന പരിപാടിയുടെ കര്‍ട്ടന്‍ റെയ്‌സര്‍ പരിപാടി ദുബായിലെ ഹോട്ടല്‍ ഫ്‌ളോറയില്‍ സദസ്സിന് മുന്‍പാകെ നടന്നു. കുവൈറ്റിലെ പ്രശസ്തമായ അല്‍സൂര്‍ ക്ലിനിക്ക് CEO ഡോ: റീം അല്‍ ദബ്ബൂസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ദുബായിലെ ആരോഗ്യ രംഗത്തെ പ്രശസ്ത വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയത് കര്‍ണാടകയിലെ മുന്‍നിര ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ അഭിനവ ഇവന്റ്‌സിന്റെ എം.ഡി വിദ്യാശങ്കര്‍ ആയിരുന്നു. ‘ഹെല്‍ത്ത് എക്‌സ്‌പോ ഇന്ത്യ-കേരള 23’ല്‍ നടക്കുന്ന വിവിധ പരിപാടികളുടെ പ്രാധാന്യവും അത് ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താനാവും എന്നതിനെ കുറിച്ചും അദ്ദേഹം സദസ്സില്‍ വിശദമായി വിവരിച്ചു.
1948-ലെ ലോക ഹെല്‍ത്ത് അസംബ്ലിയുടെ നിര്‍വചനപ്രകാരം രോഗ, വൈകല്യ, രാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂര്‍ണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (well being) കൂടിയാണ് ആരോഗ്യം. ഈ നിര്‍വചനമാണ് ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിര്‍വചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാര്‍ട്ടര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊമോഷന്റെ നിര്‍വചനം കൂടി കൂട്ടി വായിക്കാറുണ്ട്. ആരോഗ്യം സമ്പൂര്‍ണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്, നിലനില്‍പിനായി മാത്രമുള്ളതല്ല. കുറേക്കൂടി വിപുലമായ രീതിയില്‍ ഇതിനെ പൊതുജനാരോഗ്യം (Public Health) എന്ന് വിളിക്കുന്നു.
കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെട്ടതാണെങ്കിലും ഇന്ന് പൊതുജനങ്ങളിലെ രോഗാവസ്ഥ കൂടിവരികയാണ്. പ്രമേഹം, ഹൃദ്രോഗം, ധമനീ രോഗങ്ങള്‍, അമിത രക്തസമ്മര്‍ദം, കാന്‍സര്‍, പക്ഷാഘാതം, വൃക്ക രോഗം, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, വന്ധ്യത, അതോടൊപ്പം വിവിധതരം പകര്‍ച്ചവ്യാധികള്‍ ലോകത്തെയും കേരളത്തെയും അലട്ടിക്കൊണ്ടിരിക്കുന്നു. ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്.
കേരളത്തില്‍ 42% പുരുഷന്‍മാര്‍ക്കും 38% സ്ത്രീകള്‍ക്കും രക്താതിസമ്മര്‍ദം ഉണ്ടെന്നാണ് കണക്ക്. ഇതുകൊണ്ടുതന്നെ ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെയുള്ള ഗുരുതരമായ രോഗാവസ്ഥയുടെ എണ്ണത്തിലും നാം മുന്‍പന്തിയിലാണ്. നമ്മുടെ സമൂഹത്തില്‍ രക്താതിസമ്മര്‍ദമുള്ള പകുതി പേരില്‍ മാത്രമേ രോഗം നിര്‍ണയിക്കപ്പെടുന്നുള്ളൂ. അതില്‍ പകുതി പേര്‍ മാത്രമേ ചികിത്സക്ക് വിധേയരാകുന്നുള്ളൂ. അതില്‍ പകുതി പേര്‍ക്കേ ശരിയായ ചികിത്സ ലഭ്യമാകുന്നുള്ളൂ. ഉയര്‍ന്ന രക്തസമ്മര്‍ദം നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കണമെങ്കില്‍ സമൂഹത്തില്‍ ബോധവല്‍ക്കരണം ആവശ്യമാണ്. ഇത്തരം ആശയങ്ങള്‍ ജനങ്ങളില്‍ എത്തണമെങ്കില്‍ തുടര്‍ച്ചയായ അവബോധം ഉണ്ടാക്കണം. ഹെല്‍ത്ത് എക്‌സ്‌പോ പോലുളള മേളകളിലൂടെ അവ ഒരു പരിധിവരെ സാധ്യമാവും. ആധുനിക ചികിത്സാരീതികളും സാങ്കേതിക വിദ്യയുടെ ഉപയോഗവും കാണാനും പഠിക്കാനും ആരോഗ്യമേളകളിലൂടെ സാധ്യമാവും.
Gatheride Creations, Calicut ഫെബ്രുവരി ഒമ്പത് മുതല്‍ 12 വരെ കോഴിക്കോട്ടെ സരോവരത്ത് സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഒരുക്കുന്ന വൈവിധ്യമാര്‍ന്നതും അതി നൂതനവുമായ ഈ ആരോഗ്യമേള ഈ രംഗത്ത് കേരളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ്. മൈസൂരിലെ അഭിനവ ഇവന്റ്‌സുമായി ചേര്‍ന്ന് നടത്തുന്ന ആദ്യ ഹെല്‍ത്ത് എക്‌സ്‌പോയില്‍ വിവിധ രാജ്യങ്ങളിലെ പ്രഗത്ഭര്‍ പങ്കെടുക്കുന്നു. കൂടാതെ, ആരോഗ്യ മേഖലയിലെ പുതുപുത്തന്‍ ഉപകരണങ്ങളുടെ പ്രദര്‍ശനവും വിവിധ വിഷയയങ്ങളില്‍ സെമിനാറുകളും ഉണ്ടായിരിക്കുമെന്ന് മുഖ്യ സംഘാടകരായ Gatheride Creations-ന് വേണ്ടി കമ്പനിയുടെ ഡയരക്ടര്‍ ഹസ്സന്‍ തിക്കൊടി അറിയിച്ചു.