ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തന്റെ രണ്ടാം ദിനത്തിലേക്കൊരു എത്തിനോട്ടം

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തന്റെ രണ്ടാം ദിനത്തിലേക്കൊരു എത്തിനോട്ടം

രവി കൊമ്മേരി

ഷാര്‍ജ: വര്‍ണ്ണക്കാഴ്ച്ചകളാണ് ചുറ്റും. കണ്ണുകള്‍ മൂടിക്കെട്ടിയാലും മനസ്സിനുള്ളില്‍ ചിത്രശലഭങ്ങള്‍ പാറിപ്പറക്കുന്നു. പുസ്തകത്താളുകളിലെ അക്ഷരക്കൂട്ടങ്ങള്‍ അനുരാഗമായി നിറയുന്നു. തിങ്ങിനിറഞ്ഞ ഇടനാഴികളില്‍ വിവിധ ഭാഷകളുടെ, വിവിധ സംസ്‌കാരത്തിന്റെ, വിവിധ രാജ്യങ്ങളുടെ സംഗമ ലഹരി നിറഞ്ഞൊഴുകുന്നു. ആഘോഷങ്ങള്‍ അതിസുന്ദരങ്ങളാക്കുന്ന, അതെപ്പോഴും ഓര്‍മ്മളുടെ വിസ്മയങ്ങളാക്കുന്ന നൂതന ശൈലികളെ എന്നും എപ്പോഴും എളുപ്പത്തില്‍ സ്വീകരിച്ചുകൊണ്ട് ലോക രാജ്യങ്ങളുടെ മുന്നില്‍ സ്വന്തം രാജ്യത്തെ എന്നും ഒന്നാമതെത്തിക്കാന്‍ ഇത്രയധികം മത്സരിക്കുന്ന ഭരണാധികാരികള്‍ ഉള്ള യു.എ.ഇയെപ്പോലുള്ള നാട് വേറെ ഉണ്ടാകില്ലന്ന് നമുക്ക് അടിവരയിട്ട് പറയാം.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് വിഭാവനം ചെയ്ത യു.എ.ഇ, അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ വളരെ വേഗം വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി. ഏഴ് എമിറേറ്റ്‌സുകളിലും കരുത്തുറ്റ ഭരണനേതൃത്വം കൊണ്ടുവന്ന് ശക്തരായ ഭരണാധികാരികളെ നിയമിച്ചുകൊണ്ട് വികസനത്തിന്റെ കുതിപ്പുനടത്തി. ഇന്ന് യു.എ.ഇയുടെ അധികാരം ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനില്‍ എത്തി നില്‍ക്കുമ്പോള്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ യു.എ.ഇ എന്നും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു.

ഷാര്‍ജയില്‍ അതിര്‍വരമ്പുകളില്ലാത്ത അക്ഷരലോകത്ത് എല്ലാവരും ഒരു കുടക്കീഴില്‍ അണിനിരന്നു കൊണ്ട് അന്താരാഷ്ട്ര പുസ്തകോത്സവം പൊടിപൊടിക്കുമ്പോള്‍, ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ ഹിസ് ഹൈനസ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ലോകത്തോട് പറയുന്നു ‘ അക്ഷരങ്ങള്‍ വ്യാപിക്കട്ടെ’. നിരവധി പുസ്തകങ്ങളുടെ പ്രകാശന ചടങ്ങുകള്‍ ഇവിടെ നടക്കുന്നതു പോലെ കുട്ടികള്‍ക്ക് അവരുടെ വായനാശീലം വളര്‍ത്തുന്നതിനു വേണ്ടി നിരവധി പരിപാടികളാണ് ദിനവും ഇവിടെ നടക്കുന്നത്. ഷാര്‍ജയിലെ സിറിയന്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ക്രിയേറ്റീവ് ആന്റ് സയന്‍സിലെ കൊച്ചു കുട്ടികളുടെ പരിപാടി വളരെ കൗതുകം നിറഞ്ഞതായിരുന്നു. ആടിയും പാടിയും കഥ പറഞ്ഞും അവര്‍ കാണികളുടെ കൈയ്യടി വാങ്ങിക്കൂട്ടുന്നത് കാണാമായിരുന്നു. രണ്ടാം തരത്തില്‍ പഠിക്കുന്ന സാന്‍ഡി ഹണി ( Sandy Hani) എന്ന കൊച്ചു മിടുക്കി ഖുറാനിലെ ഏതാനും വരികള്‍ വളരെ മനോഹരമായി ആലപിച്ചപ്പോള്‍ കരഘോഷങ്ങള്‍ നിര്‍ത്താതെ മുഴങ്ങി.

കൂടാതെ ഇന്നലെ പുസ്തകോത്സവത്തെ ധന്യമാക്കാന്‍ പ്രധാന വേദിയിലെത്തിയത് സൗദി അറേബ്യയിലെ പ്രഗത്ഭനായ പാട്ടുകാരനും മ്യൂസിക് കംപോസറുമായ ‘ അബാദി അല്‍ ഗോഹര്‍ ‘ ആയിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഗിതത്തെ സ്‌നേഹിക്കുകയും തന്റെ ജീവിതശൈലിക്ക് സംഗീതം ഒരു മുതല്‍ക്കൂട്ടാണെന്ന് തിരിച്ചറിഞ്ഞ് അതിലൂടെ സഞ്ചരിക്കുകയും ചെയ്ത് ഇന്ന് ലോകം അറിയുന്ന ഒരു മ്യൂസിക് കംപോസറായി മാറിയിരിക്കുകയാണ് അബാദി അല്‍ ഗോഹര്‍. പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷിനിര്‍ത്തി അദ്ദേഹം തന്റെ ജീവിതയാത്ര വിവരിക്കുകയും വളരെ മനോഹരമായ പാട്ടുകള്‍ പാടുകയും ചെയ്തു. അദ്ദേഹവുമായി സംവദിച്ചുകൊണ്ട് വേദിയില്‍ അവതാരകന്റെ വേഷമണിഞ്ഞത് ഹുസൈന്‍ അല്‍ അമറിയായിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *