വിദേശപര്യടനം അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരേ രാഷ്ട്രപതിക്ക് കത്തയയ്ച്ച് ഗവര്‍ണര്‍

വിദേശപര്യടനം അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരേ രാഷ്ട്രപതിക്ക് കത്തയയ്ച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശപര്യടനം നടത്തിയത് തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍. ഇതില്‍ മുഖ്യമന്ത്രിക്കെതിരേ രാഷ്ട്രപതിക്ക് കത്തയയ്ച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചില്ലെന്നും ഇത് ചട്ടലംഘനമാണെന്നും കത്തിലുണ്ട്. മുഖ്യമന്ത്രി വിദേശത്തു പോയപ്പോള്‍ പകരം ചുമതല ആര്‍ക്കാണ് എന്നും അറിയിച്ചില്ല. മേലധികാരി എന്ന നിലയിലാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ കത്ത് അയച്ചത്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ട്.
അതേസമയം, സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സി.പി.എം ഗൗരവമായി പരിഗണിക്കുന്നുണ്ട്. ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ പരമ്പരയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇടതുമുന്നണി. നവംബര്‍ 15 വരെ തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കാണ് ഇടതുമുന്നണി തുടക്കംകുറിച്ചിരിക്കുന്നത്. ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധ നീക്കങ്ങളെ തുറന്ന് കാണിക്കാന്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം നടത്തും.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെയും ധനമന്ത്രിക്കുള്ള പ്രീതി പിന്‍വലിച്ചും ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയതോടെയാണ് സമരത്തിന് ഇറങ്ങാന്‍ ഇടത് മുന്നണി തീരുമാനിച്ചത്. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ നവംബര്‍ 15 വരെ നില്‍ക്കാതെ കൊണ്ടുപോകാനാണ് ഇടത് മുന്നണി തീരുമാനം. 10 മുതല്‍ 12 വരെ കേരളത്തിലെ മുഴുവന്‍ ക്യാംപസുകളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം. 15ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം. ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ സമരപരിപാടികളെ കുറിച്ച് തീരുമാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *