കോഴിക്കോട്: ചരിത്ര പ്രസിദ്ധിയും പൈതൃക പ്രാധാന്യവും അര്‍ഹിക്കുന്ന നഗരത്തിലെ സാംസ്‌കാരിക നിര്‍മിതികള്‍ സംരക്ഷിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റി പ്രമേയത്തിലൂടെ കേരള-കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മാനവികതയുടെ അടയാളപ്പെടുത്തലുമായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിവിധ മതസ്ഥരുടെ ദേവാലയങ്ങളുള്‍പ്പെടെ നഗരത്തിലെ നിരവധി ചരിത്ര സ്മാരകങ്ങള്‍ ശോച്യാവസ്ഥ നേരിടുന്നുണ്ട്. ഇതിന് ഉടന്‍ സംരക്ഷണമേര്‍പ്പെടുത്തി അവിടെ ചരിത്ര വിവരണം നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്കും ഗവേഷകര്‍ക്കും ഏറെ ഗുണം ചെയ്യും.
ഇതില്‍ പലതും സ്വകാര്യ കെട്ടിടങ്ങളായതുകൊണ്ട് ഇവ പരിപാലിക്കുന്നത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാല്‍ ഉടമസ്ഥാവകാശം നിലനിര്‍ത്തി പരിപാലനത്തിന്ന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സി.എ ഉമ്മര്‍കോയ അധ്യക്ഷത വഹിച്ചു. ഡിസംബറില്‍ കുറ്റിച്ചിറയില്‍ വച്ച് ചരിത്ര സെമിനാറും ത്രിദിന പൈതൃക എക്‌സിബിഷനും സംഘടിപ്പിക്കും. ഭാരവാഹികളായി സി.എ. ഉമ്മര്‍കോയ(പ്രസിഡന്റ് ), എം.അബ്ദുല്‍ ഗഫൂര്‍, മുസ്തഫ മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), എം.വി. റംസി ഇസ്മായില്‍ (ജനറല്‍ സെക്രട്ടറി) കെ.വി.ഇസ്ഹാഖ്, സിറാജ് ഡി.കപ്പാസി (ജോയിന്റ് സെക്രട്ടറിമാര്‍ ), എന്‍. ഉമ്മര്‍ ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.സി.പി മാമുക്കോയ, എസ്.വി അബ്ദു നാസിര്‍ , മാലിക്ക് ഉസ്മാന്‍, പി.ടി. ആസാദ്, എം.വി.അബ്ദുള്ളക്കോയ എന്നിവര്‍ സംസാരിച്ചു. അബ്ദുല്ല മാളിയേക്കല്‍ സ്വാഗതവും ആര്‍.ജയന്ത് കുമാര്‍ നന്ദിയും പറഞ്ഞു.