രവി കൊമ്മേരി
ഷാര്‍ജ: വളരെയധികം പ്രത്യേകതകളോടു കൂടിയാണ് ഈ വര്‍ഷവും പുസ്തകമേള ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറബിക്, ഇസ്ലാമിക് പുസ്തകങ്ങള്‍ വായിക്കാനും ആസ്വദിക്കാനും വായനക്കാര്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. യു.എ.ഇയുടെ സാംസ്‌കാരിക പൈതൃകങ്ങളെ ആഴത്തില്‍ മനസ്സിലാക്കാനും, അറബ് സംസ്‌കാരത്തിന്റെ സ്‌നേഹചൈതന്യം അടുത്തറിയാനും ഇതിലൂടെ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഗള്‍ഫില്‍ ആദ്യമായി പ്രദര്‍ശനം നടത്തുന്ന 1200-കളില്‍ നിന്നുള്ള ഗ്രന്ഥങ്ങളാണിത്.
ഈ വര്‍ഷത്തെ ഷാര്‍ജ പുസ്തകമേളയില്‍ ഇറ്റലിയിലെ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാര്‍ട്ടിന്റെയും, അംബ്രോസിയന്‍ ലൈബ്രറിയുടെയും സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുമെന്ന് അധികാരികള്‍ അറിയിച്ചു. പതിനേഴാം നൂറ്റാണ്ടിലെ ‘അസ്തിത്വത്തിന്റെ അത്ഭുതങ്ങള്‍’ എന്ന തലക്കെട്ടിലുള്ള ഒരു കോസ്മോളജി കൈയെഴുത്തു പ്രതിയും പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലെ ഖുറാനില്‍ നിന്ന് പകര്‍ത്തിയതും എംബോസ് ചെയ്തതും സ്വര്‍ണ്ണം പൂശിയതുമായ പേജുകളും ഡിസ്പ്ലേയില്‍ ഉള്‍പ്പെടുത്തും. മുഹമ്മദ് നബിയുടെ കുടുംബവൃക്ഷം ഉള്‍ക്കൊള്ളുന്ന അപൂര്‍വ വംശാവലി കൈയെഴുത്തുപ്രതിയും നിരവധി നിരവധി ചരിത്ര ഗവേഷണങ്ങളുടെ സമാഹാരങ്ങളും ഉണ്ടാകുമെന്നും അധികാരികള്‍ പറഞ്ഞു.