കേരളത്തില്‍ വ്യവസായം വിജയിക്കില്ലെന്നത് മിഥ്യാധാരണ: ബാലഗോപാല്‍ ചന്ദ്രശേഖര്‍

കേരളത്തില്‍ വ്യവസായം വിജയിക്കില്ലെന്നത് മിഥ്യാധാരണ: ബാലഗോപാല്‍ ചന്ദ്രശേഖര്‍

കോഴിക്കോട്: കേരളത്തില്‍ ബിസിനസ് അനുകൂല സാഹചര്യമില്ലെന്നത് പ്രചരണം മാത്രമാണെന്നും കേരളത്തില്‍ ബിസിനസ് നടത്തി അന്താരാഷ്ട്ര മാര്‍ക്കറ്റ് കീഴടക്കിയ നിരവധി കമ്പനികള്‍ നമുക്കുണ്ടെന്നും ഫെഡറല്‍ ബാങ്ക് ചെയര്‍മാനും പെന്‍പോള്‍ ഫൗണ്ടറുമായ ബാലഗോപാല്‍ ചന്ദ്രശേഖര്‍ പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരിടത്തും ബിസിനസ് ഈസിയായി ചെയ്യാന്‍ സാധിക്കില്ല. ഇത് മലയാളി തിരിച്ചറിയണം. കേരളത്തില്‍ നിന്നുള്ള പല വ്യവസായികളും ദേശീയ തലത്തിലുണ്ട്. കേരളത്തെ കുറ്റപ്പെടുത്തി, മറ്റിടങ്ങളില്‍ ചെന്ന് വ്യവസായം തുടങ്ങുമ്പോഴാണ് അവിടത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാവുക. ഇത് അക്കര പച്ച എന്ന് പറയുന്നതിന് തുല്യമാണ്. ബി.എം.ഡബ്ല്യു കേരളത്തില്‍ വന്നപ്പോഴുണ്ടായ അനുഭവം അദ്ദേഹം വിവരിച്ചു.
ബി.എം.ഡബ്ല്യു പ്രതിനിധി സംഘം ഇവിടെവന്ന ദിവസം ഹര്‍ത്താലായിരുന്നു. തിരുവനന്തപുരത്തെ കൂടിക്കാഴ്ചക്ക് ശേഷം അന്ന് തന്നെ കൊച്ചിയിലേക്ക് മടങ്ങി. അവര്‍ മടക്കയാത്രയില്‍ മനസ്സിലാക്കിയ കാര്യങ്ങള്‍, അവരിവിടെ വരുന്നതിന് മുന്‍പ് നടത്തിയ പഠനം എല്ലാം പ്രോജക്ടിന് അനുകൂലമായിരുന്നു. 100 ഓളം രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്ന ബി.എം.ഡബ്ല്യു പോലുള്ള ഒരു മള്‍ട്ടി നാഷണല്‍ കമ്പനിക്ക് ഹര്‍ത്താലൊന്നും ഒരു വിഷയമായിരുന്നില്ല. ബി.എം.ഡബ്ല്യു അധികൃതര്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള 1000 ഏക്കര്‍ ഭൂമിയാണ് പ്ലാന്റ് സ്ഥാപിക്കാനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് ലഭ്യമാക്കി നല്‍കാന്‍ നമുക്കായില്ല. ഇക്കാരണം കൊണ്ടാണ് അവരുടെ പ്രോജക്ട് ഇവിടെ നടക്കാതെ പോയത്. എന്നാല്‍ ഹര്‍ത്താല്‍ കണ്ട് മടങ്ങി എന്ന രീതിയിലാണ് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടത്.

കേരളത്തിലെ  50ലധികം കമ്പനികള്‍ക്ക്‌ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ സ്വാധീനമാണുള്ളത്‌. ഇരിഞ്ഞാലക്കുട, കോഴഞ്ചേരി, കോഴിക്കോട്, പട്ടിമറ്റം, പുളയറക്കോളം, മൂവാറ്റുപുഴ, കാക്കനാട്, വിളപ്പില്‍ശാലയടക്കം വന്‍കിട കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ സെമിനാറില്‍ വിളപ്പില്‍ശാലയെ കുറിച്ച് ചോദിച്ചപ്പോള്‍ ഒട്ടുമിക്ക വിദ്യാര്‍ഥികളും അവിടത്തെ മാലിന്യ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ തന്റെ കമ്പനിയായ പെന്‍പോള്‍ അവിടെയുണ്ടെന്നും 1400ഓളം ജീവനക്കാരുണ്ടെന്നും 58 രാജ്യങ്ങളില്‍
ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്നും വിദ്യാര്‍ഥികളോടായി പറഞ്ഞത് യോഗത്തില്‍ അദ്ദേഹം ഓര്‍മിച്ചു.. നെഗറ്റീവ് വാര്‍ത്തകളോടുള്ള ആഭിമുഖ്യവും പോസിറ്റീവായതിനെ കണ്ടെത്താനുള്ള വിമുഖതയുമാണ് ഇത് വെളിവാക്കുന്നതെന്നദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകത്തെ ലീഡിങ് എന്‍ജിനീയറിങ് കമ്പനികള്‍ക്ക് സ്റ്റീല്‍ സപ്ലൈ ചെയ്യുന്ന കമ്പനിയാണ് പി.കെ സ്റ്റീല്‍. സ്റ്റീല്‍ ഉണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കളൊന്നും കേരളത്തിലില്ലെന്ന് നാം ഓര്‍ക്കണം. ലോക മാര്‍ക്കറ്റിലടക്കം വിജയിച്ച കമ്പനികള്‍ കൊട്ടിഘോഷിച്ച പബ്ലിസിറ്റി നല്‍കാറില്ല.

 

ലോകത്ത് പലയിടത്തും കമ്പനികള്‍ പൂട്ടി പോകുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങളുണ്ടായാല്‍ അത് വലിയ വാര്‍ത്തയാക്കുകയാണ്. കേരളത്തില്‍ അഞ്ച്‌ലക്ഷം രൂപ മുടക്കുമുതലില്‍ തുടങ്ങി 2500 കോടിയുടെ വിറ്റുവരവുള്ള കമ്പനികളുണ്ടെന്ന് നാമോര്‍ക്കണം. കഴിഞ്ഞ 25വര്‍ഷം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തിലെ വ്യവസായ മേഖലയിലുണ്ടായിട്ടുണ്ട്. സര്‍ക്കാരും മീഡിയകളും ശ്രദ്ധിച്ചിട്ടില്ലെങ്കിലും പബ്ലിസിറ്റിയില്ലാതെ കേരളത്തില്‍ വ്യവസായം വളരുകയാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ചേംബര്‍ പ്രസിഡന്റ് റഫി പി.ദേവസ്യ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഫിലിപ് ആന്റണി മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ഡോ.കെ മൊയ്തു ചേംബറിന്റെ ഉപഹാരം സമ്മാനിച്ചു.  ചേംബര്‍ സെക്രട്ടറി എ.പി അബ്ദുള്ളക്കുട്ടി സ്വാഗതവും  ട്രഷറര്‍ ബോബിഷ് കുന്നത്ത് നന്ദിയും
പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *