ഷാരോണ്‍ വധം: കേരള പോലിസ് തന്നെ അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പ് നല്‍കിയായി ഷാരോണിന്റെ കുടുംബം

ഷാരോണ്‍ വധം: കേരള പോലിസ് തന്നെ അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പ് നല്‍കിയായി ഷാരോണിന്റെ കുടുംബം

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസ് കേരള പോലിസ് തന്നെ തുടര്‍ന്നും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു. കേസിന്റെ അധികാരപരിധി സംബന്ധിച്ച് ചില സംശയങ്ങള്‍ കേരള പോലിസിന് ഉണ്ടായിരുന്നു. അതിനാല്‍ കേസ് തമിഴ്‌നാടിന് കൈമാറുമെന്നതില്‍ നിയമോപദേശം തേടുമെന്ന് റൂറല്‍ എസ്.പി നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശത്തിന്‍മേല്‍ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാനിരിക്കെയാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയത്. കേരളാ പോലിസ് തന്നെ കേസ് തുടര്‍ന്നും അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം. മുഖ്യമന്ത്രി ഓഫിസില്‍ ഉണ്ടായിരുന്നില്ലെങ്കിലും കേരള പോലിസ് തന്നെ തുടര്‍ന്നും അന്വേഷിക്കും എന്ന ഉറപ്പ് അദ്ദേഹത്തിന്റെ ഓഫിസ് നല്‍കിയതായി ഷാരോണിന്റെ അച്ഛന്‍ ജയരാജ് പറഞ്ഞു.

കൃത്യം നടന്ന സ്ഥലം, തൊണ്ടിമുതല്‍ കണ്ടെടുത്ത സ്ഥലം ഇവയെല്ലാം തമിഴ്‌നാടിന്റെ പരിധിയിലായതിനാല്‍ തുടരന്വേഷണം തമിഴ്‌നാട് പോലിസിനെ ഏല്‍പ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഷാരോണ്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് നിയമോപദേശം ലഭിച്ചത്. കേസന്വേഷണത്തിന്റെ അധികാരപരിധി സംബന്ധിച്ച് സംശയമുള്ളതിനാല്‍ റൂറല്‍ എസ്.പി നിയമോപദേശം തേടുകയായിരുന്നു. ഷാരോണിനിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മയും മറ്റ് പ്രതികളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്‌നാട്ടിലാണ്. മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പോലിസും. കുറ്റപത്രം നല്‍കി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികള്‍ ചോദ്യം ചെയ്താല്‍ കേസിനെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ തുടരന്വേഷണം തമിഴ്‌നാട് പോലിസിന് കൈമാറണമെന്നായിരുന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം.

ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളോജ് ആശുപത്രിയിലായതിനാല്‍ കേസ് കൈമാറേണ്ട ആവശ്യമില്ലെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.അസഫലി അടക്കമുള്ള ഒരു വിഭാഗം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമോപദശം ഡി.ജി.പി പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാരിനെ അഭിപ്രായം അറിയിക്കുക. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് മാറ്റണമെങ്കില്‍ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *